ട്രംപിനെ പിന്തുണയ്ക്കുന്ന പി എ സിക്കു പ്രതിമാസം $45 മില്യൺ നൽകുമെന്ന് എലൺ മസ്ക്.
ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയ സംഘടനയ്ക്കു മാസം തോറും $45 മില്യൺ നൽകാൻ എലൺ മസ്ക് തീരുമാനിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച്ച ട്രംപിനു നേരെ വധശ്രമം ഉണ്ടായതിനു പിന്നാലെ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ച മസ്ക് അമേരിക്ക എന്ന പി എ സിക്കു സംഭാവന നൽകുമെന്നു ‘വോൾ സ്ട്രീറ്റ് ജേർണൽ’ പറയുന്നു.
യുദ്ധഭൂമികൾ എന്നു വിളിക്കപ്പെടുന്ന സംസ്ഥാനങ്ങളിൽ ട്രംപിനു പിന്തുണ സമർജിക്കാൻ പ്രവർത്തിക്കുന്ന ഗ്രൂപ്പാണിത്. മസ്കിനു പുറമെ ഈ ഗ്രൂപ്പിനു പണം നൽകുന്ന പ്രമുഖ സമ്പന്നർ പലാന്റീർ ടെക്നോളോജിസ് സഹസ്ഥാപകൻ ജോ ലോൺസ്ഡെയിൽ, മുൻ അംബാസഡർ കെല്ലി ക്രാഫ്റ്റ്, അവരുടെ ഭർത്താവ് ജോ ക്രാഫ്റ്റ് തുടങ്ങിയവരാണ്.
മസ്ക് (53) ഇതിനോടകം അമേരിക്ക പി എ സിക്കു ഗണ്യമായ തുക സംഭാവന നൽകിയെന്നു റിപ്പോർട്ടിൽ പറയുന്നു. ഈ പി എ സി ട്രംപിനു വേണ്ടി ഇതുവരെ $6.6 മില്യൺ ചെലവഴിച്ചിട്ടുണ്ട്.
അമേരിക്ക പി എ സി വെബ്സൈറ്റിൽ പറയുന്നത് വോട്ട് ചെയ്യാൻ വേണ്ടി രജിസ്റ്റർ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കും എന്നാണ്. നേരത്തെ വോട്ട് ചെയ്യാനും പ്രേരണ നൽകും. “അമേരിക്ക സ്വാതന്ത്ര്യത്തിന്റെ നാടാണെങ്കിൽ, എല്ലാവർക്കും അവസരം നൽകുമെങ്കിൽ, വോട്ട് ചെയ്തു നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. നിങ്ങൾ വോട്ട് ചെയ്യുമ്പോൾ നമുക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിജയം ഉണ്ടാവും.”
വധശ്രമം ഉണ്ടാവുന്നതു വരെ മസ്ക് ട്രംപിനെ പരസ്യമായി എൻഡോഴ്സ് ചെയ്യാൻ വിസമ്മതിച്ചിരുന്നു. വെടിവയ്പുണ്ടായി നിമിഷങ്ങൾക്കുള്ളിൽ ട്രംപിനെ പൂർണമായി എൻഡോഴ്സ് ചെയ്യുന്നുവെന്ന് അദ്ദേഹം എക്സിൽ പ്രഖ്യാപിച്ചു.
താൻ എക്കാലവും ബൈഡനെ എതിർത്തിരുന്നുവെന്നും ട്രംപിനു പരസ്യമായി പിന്തുണ പ്രകടിപ്പിച്ചെന്നും മസ്ക് പറഞ്ഞു. പ്രത്യേകിച്ച്, ട്രംപിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ട് കഴിഞ്ഞ മാസം പുനഃസ്ഥാപിച്ചു.