ഫൊക്കാന കൺവൻഷൻ റെജിസ്ട്രേഷൻ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം പി നിർവ്വഹിച്ചു

ഫൊക്കാന അന്തർദേശീയ കൺവെൻഷൻ ഇന്ന് ആരംഭിക്കുന്നു
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിൽ ഇന്ന് ആരംഭിക്കുന്ന ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ രജിസ്ട്രേഷൻ ഔദ്യോഗികമായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനിൽ നിന്ന് രജിസ്ട്രേഷൻ കിറ്റ് സ്വീകരിച്ചുകൊണ്ട് കോട്ടയം എം പി ഫ്രാൻസിസ് ജോർജ് നിർവ്വഹിച്ചു. അംബാസിഡർ ടി.പി. ശ്രീനിവാസനും രജിസ്ട്രേഷൻ കിറ്റ് സ്വീകരിച്ചു. ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി, ട്രഷറർ ബിജു കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, ആർ. വി.പി അപ്പുക്കുട്ടൻ പിള്ള, മുൻ പ്രസിഡൻ്റുമാരായ പോൾ കറുകപ്പിള്ളിൽ, ജോർജി വർഗ്ഗീസ്, ട്രസ്റ്റിബോർഡ് ചെയർമാൻ സജി പോത്തൻ, അനിൽ കുമാർ പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസഡായിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻററിലാണ് ലോകമലയാളികളുടെ സംഗമമായ ഫൊക്കാന കൺവൻഷന് വേദിയാകുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെ കൺവൻഷന് ഔദ്യോഗിക തുടക്കമാകും. കോൺഗ്രസ് മാൻ രാജ കൃഷ്ണമൂർത്തി, ഫ്രാൻസിസ് ജോർജ് എം.പി, എം.മുകേഷ് എം.എൽ.എ, മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഉദ്‌ഘാടന സമ്മേളനത്തിൽ അതിഥികളായി പങ്കെടുക്കും.
ഫൊക്കാന സുവനീർ ചടങ്ങിൽ റിലീസ് ചെയ്യും. തുടർന്ന് വാഷിംഗ്ടൺ റീജിയൻ അവതരിപ്പിക്കുന്ന കലാപരിപാടികളും ഡി.ജെ. നൈറ്റും നടക്കും. ഉദ്‌ഘാടന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഡോ. കല ഷാഹി സ്വാഗതം ആശംസിക്കും.