ഫൊക്കാനക്കും ബാബു സ്റ്റീഫനും അഭിവാദ്യങ്ങൾ നേർന്ന് അംബാസഡർ ടി.പി. ശ്രീനിവാസൻ
ഫൊക്കാനയുടെ പഴയ ശബ്ദമാണ് തന്റെ ശബ്ദമെന്ന വാക്യത്തോടെയാണ് അംബാസഡർ ടി.പി. ശ്രീനിവാസൻ ഫൊക്കാന കൺവെൻഷനിലെ പ്രസംഗം തുടങ്ങിയത്. ആദ്യ മലയാളി അംബാസഡർ കെ.ആർ. നാരായണൻ വിളക്ക് കൊളുത്തി തുടക്കം കുറിച്ച 21 സമ്മേളനങ്ങളിൽ പങ്കെടുപ്പാൻ ഭാഗ്യമുണ്ടായെന്നും ശ്രീനിവാസൻ പറഞ്ഞു. 1982-ൽ ഫൊക്കാന രൂപം കൊണ്ടപ്പോഴാണ് താൻ ആദ്യമായി അമേരിക്കയിൽ എത്തിയത്.
ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്റെ വളർച്ചയുടെ കഥയും ശ്രീനിവാസൻ പങ്കുവെച്ചു. ബാബു സ്റ്റീഫന്റെ ഭാര്യ തന്റെ ശിഷ്യയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.ആർ. നാരായണൻ മുന്നോട്ട് വെച്ച മൂന്ന് നിർദ്ദേശങ്ങളും ഫൊക്കാനയുടെ ലക്ഷ്യങ്ങളായിട്ടുണ്ട്. കേരളത്തിലെ കലാ-സാഹിത്യ-സാംസ്കാരിക വിജയങ്ങൾ ലോകത്തിന് പരിചയപ്പെടുത്തുക, നാട്ടിലെ നേതാക്കളുമായി ബന്ധം സ്ഥാപിക്കുക, ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് ആ നിർദ്ദേശങ്ങൾ.
അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ അമേരിക്കൻ സമുദായം സജീവമാകേണ്ടതിന്റെ പ്രാധാന്യം ശ്രീനിവാസൻ മുന്നോട്ടുവച്ചു. ഒരു ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ്മാൻ ഫൊക്കാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
ഫൊക്കാനയിലെ ഡോ. എം.വി. പിള്ളയുടെ ഭാഷക്കൊരു ഡോളർ പദ്ധതിയുടെ പ്രാധാന്യവും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യാ-അമേരിക്ക കോക്കസിന്റെ പ്രാധാന്യം പരാമർശിച്ച്, പാക്കിസ്ഥാനും കോക്കസ് ഉണ്ടെങ്കിലും അവരുടെ അംഗസംഖ്യ കുറഞ്ഞതാണ്. അടിയന്തരാവസ്ഥ, ആണവപരീക്ഷണങ്ങൾ എന്നിവയ്ക്കിടെ ഇന്ത്യയ്ക്ക് പിന്തുണ നൽകിയത് അമേരിക്കൻ ഇന്ത്യൻ സമൂഹമായിരുന്നു.
പുതിയ ലോകക്രമത്തിന്റെ അഭാവം യുദ്ധങ്ങൾക്ക് കാരണമാണെന്നും ഐക്യരാഷ്ട്രസഭയുടെ 1945 ലെ ലോകക്രമം മാറി, പുതിയത് ഇനിയും വരാനുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. ഇന്ത്യയുടെ സൈനിക സഖ്യമില്ലാത്തതിനാൽ എല്ലാ രാജ്യങ്ങളേയും ഒപ്പം കൂട്ടാൻ കഴിയും. അടുത്തിടെ പുടിനെ കാണാൻ പോയ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രസക്തി അദ്ദേഹം വിശദീകരിച്ചു.
അമേരിക്കൻ മാധ്യമങ്ങളിൽ ഇന്ത്യയെ കുറിച്ച് തെറ്റായ പ്രചരണം നടക്കുന്നതായി ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയും കോടതിയും പരിചയമില്ലാത്തവർ ആണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഫൊക്കാനയിലെ മികച്ച പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ സംഘടന മുന്നോട്ടുപോകുന്നതിനെ അനുകൂലിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രാസംഗികനായ ഫ്രാൻസിസ് ജോർജ് എം.പി. ഇന്ത്യൻ കാർഷിക മേഖലയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ അംഗമെന്ന നിലക്ക് ഇന്ത്യയിൽ കർഷകർക്ക് സബ്‌സിഡി നൽകുന്നതിന് വിലക്കുള്ളപ്പോൾ, അമേരിക്കയിൽ 306 ബില്യൺ സബ്‌സിഡിയായി നൽകുന്നു.
ഫൊക്കാന സുവനീർ പ്രകാശനം ചടങ്ങിൽ എഡിറ്റർ വേണുഗോപാലൻ കൊക്കോടൻ നേതൃത്വം നൽകി.