നിപ്പ : കേരളം യഥാസമയം ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി വീണ ജോർജ്
മലപ്പുറം : നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ടു കേരളം യഥാസമയം ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മന്ത്രി വീണ ജോർജ് പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയാവുന്ന വിധത്തിൽ ഗവേഷണ പ്രവർത്തനങ്ങളുമായി കേരളം മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു.
2018ലാണ് ആദ്യം നിപ്പ വ്യാപനം സംസ്ഥാനത്തുണ്ടായത്. പിന്നീട് 2023ൽ മാത്രമേ വ്യാപനം ഉണ്ടായിട്ടുള്ളൂ. 2019 ലും 2021 ലും ഓരോ കേസാണ് ഉണ്ടായത്. 2023ൽ മരണസംഖ്യ പിടിച്ചുനിർത്താനായി. ഇതു ലോകത്തിനു മാതൃകയാണ്. 70 ശതമാനത്തിനു മുകളിലാണു ലോകത്ത് നിപ്പ മരണനിരക്ക്. കേരളത്തിൽ 33%.
2021ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരുക്കിയ ബയോ സേഫ്റ്റി ലെവൽ–4 ലാബിലാണ് ഇന്നലെ നിപ്പ സ്ഥിരീകരിച്ചത്. ഔദ്യോഗിക സ്ഥിരീകരണം പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) നിന്നാണ്. സംസ്ഥാനത്ത് തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയിലും പരിശോധനാ സംവിധാനമുണ്ട്. തദ്ദേശീയമായ മോണോക്ലോണൽ ആന്റിബോഡി വികസിപ്പിച്ചെടുക്കാൻ ശ്രമം നടക്കുന്നു.
കേരളത്തിൽ കണ്ടെത്തിയതു ബംഗ്ലദേശ് വകഭേദം നിപ്പ വൈറസാണ്. ബംഗ്ലദേശിൽ പനംകള്ളിൽനിന്നാണു വൈറസ് പകരുന്നതെന്നാണ് അനുമാനമെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇവിടെ മനുഷ്യരിൽ കണ്ടെത്തിയ വൈറസും വവ്വാലുകളിൽ കണ്ടെത്തിയ വൈറസും ഒരു വകഭേദമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തൊരിടത്തും പഴങ്ങളിൽ ഈ വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. എല്ലാ വർഷവും മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നിപ്പ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തു നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.