ട്രംപിന് നേരെയുണ്ടായ വധശ്രമം: സീക്രട്ട് സർവീസ് ഡയറക്ടർ തിങ്കളാഴ്ച കോൺഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകും.
വാഷിങ്ടൺ: മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ സ്നിപ്പർ ശ്രമിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ചകളുടെ പേരിൽ സീക്രട്ട് സർവീസ് ഡയറക്ടർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ ശബ്ദം ശക്തമായിരിക്കെയാണ് സീക്രട്ട് സർവീസ് ഡയറക്ടർ കിംബർലി ചീറ്റിൽ തിങ്കളാഴ്ച കോൺഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകുന്നത്.
ജൂലൈ 13-ന് പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ട്രംപിന് നേരെയായിരുന്നു വധശ്രമം. തലനാരിഴയ്ക്കാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി രക്ഷപ്പെട്ടത്. 20 കാരനായ അക്രമി തോമസ് മാത്യു ക്രൂക്സിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സുരക്ഷാ ഒരുക്കം കൃത്യമായിരുന്നിട്ടും തോക്കുധാരി എങ്ങനെ കെട്ടിടത്തിന് മുകളിലെത്തിയെന്ന ചോദ്യം ഉയർന്നിരിക്കുകയാണ്.
മുൻ വർഷങ്ങളിൽ ട്രംപിന്റെ പരിപാടികളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നുവെന്നും എന്നാൽ ഇത് നിരസിച്ചതായി രഹസ്യാന്വേഷണ വിഭാഗം സമ്മതിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രോ മയോർകാസ് ഈ സംഭവം സുരക്ഷാ പരാജയമായി വിശേഷിപ്പിച്ചിരുന്നു.
ഇതിനിടെ, നിരവധി നിയമനിർമ്മാതാക്കൾ കിംബർലി ചീറ്റിൽ രാജിവയ്ക്കണമെന്നോ അല്ലെങ്കിൽ പ്രസിഡൻ്റ് ജോ ബൈഡൻ അവരെ പുറത്താക്കണമെന്നോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കിംബർലി ചീറ്റിൽ സ്ഥാനം ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സീക്രട്ട് സർവീസ് അറിയിച്ചു. പ്രസിഡന്റ് ബൈഡൻ കിംബർലിക്ക് അനുകൂല നിലപാട് സ്വീകരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.