മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതിക്ക് കുത്തേറ്റു, പ്രതി പിടിയിൽ
മയാമി: ശനിയാഴ്ച രാത്രി മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു യുവതിക്ക് കുത്തേറ്റതായി മയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഈ സംഭവം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ താൽക്കാലികമായി തടസ്സപ്പെടുത്തി. യാത്രക്കാരെ പരിശോധിച്ചതിന് ശേഷം വിമാനത്താവള പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പ്രതിയായ അലക്‌സാണ്ടർ ലവിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് ഡിപ്പാർട്മെന്റിന്റെ അറിയിപ്പിൽ നിന്നും വ്യക്തമാകുന്നത്, ടെർമിനൽ ജെയുടെ നാലാം നിലയിൽ രാത്രി 11.30 മണിയോടെയാണ് യുവതിക്ക് കുത്തേറ്റത്. ഒരു തവണയല്ല, ഒന്നിലധികം തവണ യുവതിയെ കുത്തി പരുക്കേൽപ്പിച്ച പ്രതി, പിന്നീട് അവരെ നാലാം നിലയിൽ നിന്ന് താഴേയ്ക്ക് തള്ളാൻ ശ്രമിച്ചു.
എന്നാൽ, ക്രൂരമായ അതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി ഓടി മൂന്നാം നിലയിൽ എത്തി. അവിടെ നിന്നാണ് ഉദ്യോഗസ്ഥർ ഇവരെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ മയാമി-ഡേഡ് ഫയർ റെസ്‌ക്യൂ സംഘം ജാക്‌സൺ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
“ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണ്,” എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതിയായ അലക്സാണ്ടറിൽ നിന്ന് ഒരു കത്തിയും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.