കമല ഹാരിസിന്റെ പ്രചാരണത്തിന് 81 ദശലക്ഷം ഡോളർ സംഭാവന
വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി, പുതിയ സ്ഥാനാർത്ഥിയായി വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെ നിർദേശിച്ചതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിനുള്ളിൽ ഹാരിസിന്റെ പ്രചാരണത്തിന് 81 ദശലക്ഷം ഡോളർ സംഭാവന ലഭിച്ചതായി റിപ്പോർട്ട്.
കഴിഞ്ഞ മാസം റിപ്പബ്ലിക്കൻ എതിരാളി, മുൻ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ സംവാദത്തിലെ ദുർബലമായ പ്രകടനത്തിന് ശേഷമാണ് ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് പാർട്ടിക്കുള്ളിൽ നിന്നു തന്നെ സമ്മർദം വന്നത്. ഇതേ തുടർന്നാണ് ബൈഡൻ തന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്, തുടർന്ന് കമല ഹാരിസിനെ പുതിയ സ്ഥാനാർത്ഥിയായി നിർദേശിക്കുകയായിരുന്നു.
8,88,000ത്തിലധികം താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരാണ് ഹാരിസിന്റെ പ്രചാരണത്തിന് സംഭാവനകൾ നൽകിയതെന്ന് റിപ്പോർട്ട്. കുറഞ്ഞ സമയം കൊണ്ടുള്ള റെക്കോർഡ് സംഭാവന തുകയാണ് ലഭിച്ചതെന്ന് കമല ഹാരിസിന്റെ പ്രചാരണ വിഭാഗം അറിയിച്ചു. “കമല ഹാരിസിന് പിന്നിൽ ഒരു ശക്തമായ അടിത്തറയുണ്ട്. ഡോണാൾഡ് ട്രംപ് കമലയെ ഭയപ്പെടുന്നുവെന്നും, അദ്ദേഹത്തിന്റെ ഭിന്നിപ്പും ജനവിരുദ്ധ അജണ്ടയും അമേരിക്കൻ ജനതയുടെ കാഴ്ചപ്പാടിനോട് ചേർന്ന് നിൽക്കുന്നില്ല,” എന്ന് കമല ഹാരിസിന്റെ പ്രചാരണ വിഭാഗം വക്താവ് കെവിൻ മുനോസ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് പാർട്ടി ചെയർമാന്മാരിൽ ഭൂരിഭാഗവും വൈസ് പ്രസിഡൻ്റ് ഹാരിസിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് അസോസിയേഷൻ ഓഫ് സ്റ്റേറ്റ് ഡെമോക്രാറ്റിക് കമ്മിറ്റിസ് (എ.എസ്.ഡി.സി) പ്രസ്താവനയിൽ അറിയിച്ചു.