മഹാരാഷ്ട്രയിൽ 50 കാരിയായ അമേരിക്കൻ വനിതയെ മരത്തിൽ കെട്ടിയ നിലയിൽ കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ വനമേഖലയില്‍ 50കാരിയെ മരത്തില്‍ ചങ്ങലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ യുഎസ് പാസ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പിയും തമിഴ്നാട് വിലാസമുള്ള ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും അവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആടുമേയ്ക്കാന്‍ പോയ ഒരാള്‍ ഇവരുടെ കരച്ചില്‍ കേട്ടതോടെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തമിഴ്നാട് വിലാസവും യുഎസ് പാസ്പോര്‍ട്ടിന്റെ കോപ്പിയും ഉള്‍പ്പെടെയുള്ള രേഖകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ലളിത കായി എന്നയാളായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രേഖകള്‍ പ്രകാരം വിസ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും അവരുടെ പൗരത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ രേഖകളെല്ലാം പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ആരോഗ്യനില കണക്കിലെടുത്ത് സ്ത്രീയെ ഗോവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ ഇവരുടെ അപകടനില തരണം ചെയ്തിട്ടുണ്ട്.
പൊലീസിന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച്, യുവതി കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയിലാണെന്നും, തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവാണ് അവരെ അവിടെ കെട്ടിയിട്ടതെന്നും കണ്ടെത്തി. അന്വേഷത്തിന്റെ ഭാഗമായി ഇവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനായി തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്കും മറ്റു ചില സ്ഥലങ്ങളിലേക്കും പൊലീസ് സംഘം പോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.