വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ വർദ്ധിക്കുന്നു, കൂടുതൽ സഹായം ആവശ്യപ്പെടുന്നു
വയനാട്: വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സൗകര്യങ്ങൾ ആവശ്യമുണ്ടെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അവരടിയന്തരമായി എയര്‍ ലിഫ്റ്റിങ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. “ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത്രയും ആയല്ലോ,” എന്നാണ് നാട്ടുകാര്‍ പറയുന്നത്.മുണ്ടൈകൈയില്‍ നിന്ന് ആളുകള്‍ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും പാലം തകര്‍ന്നിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
“അങ്ങോട്ട് ചെല്ലാന്‍ എന്തെങ്കിലും സംവിധാനം വേണം. എന്തെങ്കിലും ചെയ്തേ പറ്റൂ. ഈ സൗകര്യങ്ങള്‍ ഒന്നും പോര. എയര്‍ ലിഫ്റ്റിങ് വേണം. ആളുകള്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ജീവന്‍ ഒന്നെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത്രയും ആയി,” നാട്ടുകാര്‍ പറയുന്നു.ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ 19 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ചൂരല്‍മല മേഖലയില്‍ എട്ടു മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മേപ്പാടി ആശുപത്രിയില്‍ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുണ്ടകൈയ്ക്ക് രണ്ടു കി.മീ. അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ചാലിയാറിലെ മുണ്ടേരിയിലും പോത്തുകല്ലിലും നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. “മൂന്ന് മൃതദേഹങ്ങള്‍ ഒഴുകിപ്പോവുന്നത് കണ്ടിട്ടുണ്ട്,” നാട്ടുകാര്‍ പറയുന്നു.
മുണ്ടക്കൈ പുഴ മുണ്ടേരി വഴി ചാലിയാറിലേക്കാണ് ഒഴുകുന്നത്.ചൂരല്‍മലയിലെ ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന ഒഡീഷക്കാരായ രണ്ട് ഡോക്ടര്‍മാരെ കാണാതായിട്ടുണ്ടെന്നും ഒരു വനിതാ ഡോക്ടറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.