കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 633 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശത്ത് മരണം

വിദേശകാര്യ മന്ത്രാലയം-ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 633 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് മരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) കണക്കുകൾ വ്യക്തമാക്കുന്നു. 41 രാജ്യങ്ങളിലായാണ് ഈ മരണങ്ങൾ നടന്നത്. കാനഡയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണങ്ങൾ രേഖപ്പെടുത്തിയത്, 172 വിദ്യാർത്ഥികളാണ് ഇവിടെ മരിച്ചത്. യുഎസിൽ 108 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, ആക്രമണങ്ങളിൽ 19 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ ഒമ്പത് പേർ കാനഡയിലും ആറ് പേർ യുഎസിലുമായി കൊല്ലപ്പെട്ടവരാണ്. ചൈന, യുകെ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ വിദ്യാർത്ഥി വീതം ആക്രമണത്തിൽ മരിച്ചു.കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഈ കണക്കുകൾ പുറത്ത് വിട്ടത്.
യുകെയിൽ 58 വിദ്യാർത്ഥികളും ഓസ്ട്രേലിയയിൽ 37 പേരും ജർമ്മനിയിൽ 24 പേരും മരിച്ചെന്നും പാക്കിസ്ഥാനിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.വിദ്യാർത്ഥികളുടെ സുരക്ഷ സർക്കാരിന്റെ മുൻഗണനയാണെന്ന് സിംഗ് വ്യക്തമാക്കി. ഇന്ത്യൻ മിഷനുകൾ വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളുമായി നിരന്തര സമ്പർക്കം നിലനിറുത്തുന്നുണ്ടെന്നും സിംഗ് കൂട്ടിച്ചേർത്തു.വിദ്യാർത്ഥികൾ MADAD പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇതുവഴി വിദേശത്തുള്ള വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാനാകുമെന്നും വെബ്സൈറ്റ് വിശദീകരിക്കുന്നു.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 48 വിദ്യാർത്ഥികളെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇതിന്റെ കാരണം അമേരിക്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അനധികൃത തൊഴിൽ, ക്ലാസുകളിൽ നിന്ന് അനധികൃതമായി പിൻവലിയൽ, പുറത്താക്കൽ, സസ്പെൻഷൻ, ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) ജോലി റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടൽ എന്നിവ വിസ റദ്ദാക്കുന്നതിന് കാരണമാകാമെന്നും സിംഗ് സൂചിപ്പിച്ചു.