Latest NewsNews

മരണം 150 ആയി; 191 പേര്‍ ചികില്‍സയില്‍; 91 പേരെക്കുറിച്ച് വിവരമില്ല

വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് കേരളം. വേദന തിന്ന ഒരു പകലും രാത്രിയും കടന്നുപോയി. ഇന്നും അതിവേഗ രക്ഷാപ്രവര്‍ത്തനമാണ് നടക്കേണ്ടത്. 147 പേരുടെ മരണമാണ് ഇതിനോടകം സ്ഥിരീകരിച്ചത്. നാനൂറിലധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 91 പേരെ കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. 48 പേരെ തിരിച്ചറിഞ്ഞു. 191 പേര്‍ ചികിത്സയില്‍. മുണ്ടകൈ ഭാഗത്തെ തകര്‍ന്ന വീടുകള്‍ക്കടിയില്‍ ഇനിയും മനുഷ്യരുണ്ട്. ഇനിയും രക്ഷാകരം കാത്ത് കിടക്കുന്ന ആളുകളിലേക്ക് അതിവേഗമെത്താനുള്ള, ആ ഭാഗം കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് പ്രധാനമായും നടക്കേണ്ടത്. സേനയും എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും പോലീസും വനംവകുപ്പും ആരോഗ്യവകുപ്പും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ഒക്കെ ചേര്‍ന്ന് ഇന്നലെ സാധ്യമായ രക്ഷാപ്രവര്‍ത്തനം നടത്തിയതാണ്. ഇന്നും അത് തുടരും.

45 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 3069 പേരെ ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളാക്കിയിട്ടുണ്ട്. ഉറ്റവരും ഉടയവരും ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി. പാതി മരിച്ച മനസോടെ ജീവിതത്തിലേക്ക് കയറി വന്നവരാണിവര്‍. അവരെ ചേര്‍ത്തുപിടിക്കാം നമുക്ക്. മനസാക്ഷിയുള്ള എല്ലാവരുടെയും കരുതലും സഹായവുമൊക്കെ അവര്‍ക്കാവശ്യമാണ്.

രണ്ടാംദിനം ദൗത്യം തുടങ്ങി: 4 സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. സൈനികരും എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കില്ല, പെട്ടെന്ന് നടത്താന്‍ തീരുമാനമായിട്ടുണ്ട്. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. സംസ്കാരം ഒന്നിച്ചുനടത്തണോ എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. നിലമ്പൂര്‍ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു.

ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വൈകാതെ തന്നെ എയര്‍ലിഫ്റ്റിങ് ശ്രമം തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വൈത്തിരിയില്‍ 30 മൃതദേഹങ്ങള്‍ വയ്ക്കാനുള്ള ഹാള്‍ സജ്ജമാക്കി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് നിലവിലെ തീരുമാനം. താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം ഇന്ന് തുടങ്ങാനാകുമെന്നു റവന്യൂമന്ത്രി അറിയിച്ചു. 85 അടി നീളമുള്ളതാണ് പാലം. ചെറിയ മണ്ണുമാന്തി ഉള്‍പ്പെടെ പോകാനാവും. മഴ കുറഞ്ഞത് ആശ്വാസമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. അതേസമയം, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും പരക്കെ മഴയാണ്. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. ട്രോളിങ് നിരോധനം ഇന്ന് രാത്രി അവസാനിക്കും. എന്നാല്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Show More

Related Articles

Back to top button