മുണ്ടക്കൈ ഉരുൾപൊട്ടൽ: ഡോ. അസാദ് മൂപ്പൻ നാലുകോടിയുടെ സഹായം പ്രഖ്യാപിച്ചു
മുണ്ടക്കൈ ഉരുൾപൊട്ടൽ: ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. അസാദ് മൂപ്പൻ നാലുകോടിയുടെ സഹായം പ്രഖ്യാപിച്ചു
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ആശ്വാസമായി നാല് കോടിയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. അസാദ് മൂപ്പൻ. ഒന്നരകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നീക്കുകയും, 2.5 കോടി രൂപ പുനരധിവാസത്തിനുമായി നൽകുകയും ചെയ്യും. കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലേത്. ഇതിനെ നേരിടാൻ സംസ്ഥാന സർക്കാരിന് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
ആസ്റ്റർ ആശുപത്രിയിലെ ജീവനക്കാരെക്കുറിച്ചുള്ള ആശങ്ക– ദുരന്തത്തിൽ ആസ്റ്റർ ആശുപത്രിയിലെ ചില ജീവനക്കാരെ കാണാതായിട്ടുണ്ടെന്നും, അവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും തുടരുമെന്നും ഡോ. അസാദ് മൂപ്പൻ അറിയിച്ചു. കൂടാതെ, ദുരന്തത്തിൽ അകപ്പെട്ട ജീവനക്കാർക്ക് എല്ലാ പിന്തുണയും ആസ്റ്റർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരിതത്തിലായ ജീവനക്കാരുടെ കുടുംബങ്ങൾക്ക് ആവശ്യസാധനങ്ങൾ, ഫസ്റ്റ് എയ്ഡ് ഉൽപ്പന്നങ്ങൾ, മെഡിക്കൽ സേവനങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ പരിചരിക്കാൻ ആസ്റ്റർ വോളന്റിയർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ചു പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.