
ഗുവാഹത്തി: മണിപ്പൂരിലെ തെങ്‌നൗപാലിൽ നടന്ന ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് (യു.കെ.എൽ.എഫ്) പ്രവർത്തകനും അതെ സമുദായത്തിലെ മൂന്ന് ഗ്രാമീണ സന്നദ്ധ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൊലപാതകങ്ങൾക്ക് പിന്നാലെ ഗ്രാമസന്നദ്ധപ്രവർത്തകർ യു.കെ.എൽ.എഫ് നേതാവിന്റെ വസതിക്ക് തീയിട്ടു.സുരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, മണിപ്പുർ കാംങ്‌പോക്പി ജില്ലയില്‍ മുൻ എംഎൽഎയുടെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. മുൻ എംഎൽഎ യാംതോംഗ് ഹാക്കിപ്പിന്റെ ഭാര്യ 59 കാരി ചാരുബാലയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന മാലിന്യകൂമ്പാരത്തിനടുത്ത് നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്നും മറ്റാർക്കും അപായമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.