പരാതിയുമായി ആരെങ്കിലും മുന്നോട്ടു വന്നാൽ സർക്കാർ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കോടതിയുടെ ഇടപെടലുണ്ടാകണമെന്ന് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ പരാതികൾ ഇല്ലാത്തതിനാൽ നിലവിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പ്രായോഗിക തടസങ്ങളുണ്ടെന്നും, പരാതിയുമായി ആരെങ്കിലും മുന്നോട്ടു വന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാർ വമ്പനെയൊന്നും നോക്കാതെ നടപടി സ്വീകരിക്കുമെന്നും ബാലൻ വ്യക്തമാക്കി.
“ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒന്നും മറച്ചുവച്ചിട്ടില്ല. 2017-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിനിമ മേഖലയിലെ തെറ്റായ പ്രവണതകൾക്ക് വിരാമം വെക്കാൻ കമ്മിറ്റിയെ രൂപീകരിച്ചിരുന്നു. 2019-ൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ, മൊഴി നൽകിയവരിൽ ചിലർ അവരുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“അത്തരം കാര്യങ്ങൾ പുറത്തുവിടരുതെന്ന് കമ്മിറ്റിയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുക്കാൻ സർക്കാരിന് കഴിയില്ല,” അദ്ദേഹം വ്യക്തമാക്കി.