ഫോമാ അഡ്വൈസറി കൗൺസിലിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഡൊമിനിക് റിപ്പബ്ലിക്കിലെ പുന്റക്കാനായിൽ വച്ച് നടത്തപ്പെട്ട ഫോമായുടെ 2024 -2026 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലാണ് അഡ്വൈസറി കൗൺസിലിലേക്കുള്ള പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടത്. അഡ്വൈസറി കൗൺസിൽ ചെയർമാനായി ഷിനു ജോസഫ്, സെക്രട്ടറിയായി സൈജൻ കണിയോടിക്കൽ, വൈസ് ചെയർമാനായി ജോസ് മണക്കാട്ട്, ജോയിന്റ് സെക്രട്ടറിയായി ബിജോയ് സേവ്യർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഷിനു ജോസഫ് 2016 – ൽ ന്യൂയോർക്കിലെ യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ആയിരുന്നു. 2018 – 2020 കാലഘട്ടത്തിൽ ഫോമായുടെ ട്രഷറർ ആയി സേവനം ചെയ്തിരുന്ന ഷിനു, 2022 – 24 ൽ നാഷണൽ കമ്മിറ്റി മെമ്പർ ആയിരുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ ദൈനംദിന കാര്യങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഷിനു ജോസഫ് അമേരിക്കയിൽ ന്യൂയോർക്കിൽ കുടുംബസമേതം താമസിക്കുന്നു.
കേരളത്തിൽ കോതമംഗലം സ്വദേശിയാണ്. അമേരിക്കയിൽ കലാസാംസ്കാരിക സാഹിത്യരംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച സൈജൻ കണിയോടിക്കൽ ആണ് സെക്രട്ടറി. വിദേശ മലയാളികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഫോമായുടെ സാഹിത്യ മാസികയായ ‘അക്ഷരകേരളത്തിന്റെ’ മാനേജിംഗ് എഡിറ്ററായി നിലവിൽ സേവനം ചെയ്യുന്ന സൈജൻ 2016 ൽ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡണ്ടായിരുന്നു. ഇപ്പോൾ ഡി. എം. എ യുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറിയായ ഇദ്ദേഹം 2020 മുതൽ ഫോമ നാഷണൽ കമ്മിറ്റി മെമ്പറാണ്. ചെറുപ്പകാലം മുതൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളിൽ പ്രവർത്തിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള സൈജൻ കണിയോടിക്കൽ മിഷിഗനിൽ താമസിക്കുന്നു. കേരളത്തിൽ ആലുവയാണ് സ്വദേശം.
മികവുറ്റ സംഘാടകനായ ജോസ് മണക്കാട്ട് ആണ് വൈസ് ചെയർമാൻ. ഷിക്കാഗോ മലയാളി അസോസിയേഷൻ ബോർഡ് അംഗമായി ഇപ്പോൾ സേവനം ചെയ്യുന്ന ജോസ് മണക്കാട്ട് 2020 – 2022 കാലഘട്ടത്തിൽ ഫോമാ ജോയിന്റ് സെക്രട്ടറിയായിരുന്നു . 2018-ൽ ഫോമായുടെ ഷിക്കാഗോ കൺവെൻഷന്റെ വൈസ് ചെയർമാനായിരുന്ന ശ്രീ ജോസ് നിരവധി അനവധി പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. കോട്ടയത്ത് കല്ലറ സ്വദേശിയായ ജോസ് മണക്കാട്ട് ഇപ്പോൾ ഷിക്കാഗോയിൽ താമസിക്കുന്നു.
ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സേവ്യർ സൗത്ത് ഫ്ലോറിഡയിലെ നവകേരള മലയാളി അസോസിയേഷന്റെ ട്രഷറർ, സെക്രട്ടറി, വൈസ് പ്രസിഡന്റ്, 2020 -ൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൂടാതെ ഫോമാ സൺഷൈൻ റീജിയന്റെ പൊളിറ്റിക്കൽ ഫോറം ചെയർമാൻ ആയിരുന്ന ഇദ്ദേഹം 2022 -ലെ ഫോമാ കൺവെൻഷന്റെ കോ-ചെയറായിരുന്നു. 2022-24 ടേമിൽ ഫോമാ നാഷണൽ കമ്മിറ്റി മെമ്പറായിരുന്നു. പഠനകാലം മുതൽ അനവധി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്തിട്ടുള്ള ബിജോയ് സേവ്യർ കേരളത്തിൽ പാലാ സ്വദേശിയാണ്. ഇപ്പോൾ ഫ്ളോറിഡയിലെ മയാമിയിൽ താമസിക്കുന്നു.
ദീർഘകാലത്തേക്കുള്ള കർമ്മപരിപാടികളും, നയ നിർദ്ദേശങ്ങളും രൂപീകരിക്കുകയും അത് നടപ്പിൽ വരുത്തുന്നതിനുള്ള പദ്ധതികൾ അവിഷ്കരിച്ച് ഫോമാ എക്സികൂട്ടീവ് കമ്മറ്റിക്ക് ശുപാർശ ചെയ്യുക എന്നതാണ് അഡ്വൈസറി കൗൺസിലിന്റെ പ്രധാന ഉത്തരവാദിത്വം. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അമേരിക്കൻ മലയാളികളുടെയും, അംഗസംഘടനകളുടേയും അകമഴിഞ്ഞ പിന്തുണയും, സഹകരണവും ഇവർ നാലുപേരും അഭ്യർത്ഥിച്ചു. കൂടാതെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഫോമായുടെ 2024 – 26 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ അഭിനന്ദിക്കുകയും, അവരോടൊപ്പം പ്രവർത്തിക്കുവാൻ ആവേശപൂർവം കാത്തിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.
വാർത്ത – ജോസഫ് ഇടിക്കുള ( പി ആർ ഓ, ഫോമാ )