ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി. ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പു പെരുന്നാളിന് കൊടിയേറി. ആഗസ്റ്റ് 25ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനന്തരം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ പെരുന്നാളിന്‍റെ കൊടിയേറ്റ് ഇടവകവികാരി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് നിര്‍വഹിച്ചു. വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മപ്പെരുന്നാളും കാലംചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമന്‍ ബാവായുടെ ഓര്‍മ്മയും ഈ വര്‍ഷം ആഗസ്റ്റ് 31 ശനി മുതല്‍ സെപ്റ്റംബര്‍ 7 ശനി വരെയുള്ള തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടും.
അനുഗ്രഹീത വചന സുവിശേഷകരായ റവ.ഫാ.ജേക്കബ് ജോസഫ് (സജി അച്ചൻ, ഓസ്‌ട്രേലിയ) റവ. ഫാ. ഡോ. A.P. ജോർജ് എന്നിവരുടെ ദൈവവചന ശുശ്രുഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. ആത്‌മ ശരീര മനസുകളുടെ നവീകരണത്തിനായി കർത്തൃസന്നിധിയിൽ ശുദ്ധിമതിയായ അമ്മയുടെ അനുഗ്രഹീത മധ്യസ്ഥതയിൽ ആയിരിക്കുവാൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.