മലയാള സിനിമ, അപരിഹാര്യവും അതിഗുരുതരവുമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, സിനിമാ വ്യവസായത്തെ സർക്കാർ ഏറ്റെടുക്കണമെന്നും നിർമ്മാണം ഉൾപ്പടെയുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ തലത്തിൽ നടത്തണമെന്നും ചലച്ചിത്രസംവിധായകൻ സതീഷ് കളത്തിൽ ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടു.
ഭാഗികമായിട്ടാണെങ്കിലും, മദ്യവ്യവസായം ഏറ്റെടുത്തതുപോലെ, സിനിമാ വ്യവസായവും ഏറ്റെടുക്കാൻ തയ്യാറായാൽ, ആ വരുമാനം ഈ മേഖലയിലെ താഴെത്തട്ടിലുള്ള കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ഇതര മേഖലകളിലെ വികസനത്തിനുംമറ്റും ഉപകരപ്രദമാക്കാം.
പങ്കാളിത്ത വ്യവസ്ഥയോടെ നിർമ്മാതാക്കളെ കാൾ ഫോർ ചെയ്തും സിനിമ നിർമ്മിക്കാവുന്നതാണ്. സംവിധായകർ, അഭിനേതാക്കൾ തുടങ്ങി, സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ക്രൂവിനും അവരവരുടെ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള വേതനം സർക്കാർ നിശ്ചയിച്ച് നല്കണം. അതുവഴി, സിനിമയിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കാനും അതിൽ തൊഴിലെടുത്തു ജീവിക്കാൻ അവസരം ലഭിക്കാതെ പോകുന്ന അർഹരായ സിനിമാ പ്രവർത്തകർക്ക് അവസരം ലഭിക്കാനും സാഹചര്യമുണ്ടാകും.
ഒരു നിർമ്മാതാവിനെ തേടിയോ താരങ്ങളുടെ കോൾഷീറ്റുകൾക്കോമറ്റോ അലഞ്ഞു വലയേണ്ട ഗതികേട് സംവിധായകന്/ കയ്ക്ക് ഉണ്ടാകില്ല. റിലീസിംഗ് ഉൾപ്പെടെ ബിസിനസ് റിസ്കുകളും ഇല്ല. പുരുഷ- സ്ത്രീ ആധിപത്യ സിനിമകളോ സ്ത്രീ- പുരുഷ വിരുദ്ധ സിനിമകളോ ദേശവിരുദ്ധ സിനിമകളോ ഉണ്ടാകില്ല. സിനിമയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ചൂഷണങ്ങളും വലിയൊരളവിൽ ഇല്ലാതാക്കാമെന്നും സതീഷ് പറഞ്ഞു.
സതീഷ് കളത്തിൽ