LifeStyleLiteratureNews

കലയെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്ന അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി

വിശ്രുത ചിത്രകാരന്‍ എ രാമചന്ദ്രന്റെ പുസ്തകശേഖരവും സ്മരണികകളുമുള്‍പ്പെട്ട ധ്യാനചിത്ര – എ രാമചന്ദ്രന്‍ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രാമചന്ദ്രന്‍ ഭാരതീയവും ആഗോളവുമായ കലാപാരമ്പര്യങ്ങളെ ആധുനികകാലവുമായി ഇണക്കിയെന്നും മുഖ്യമന്ത്രി

കൊച്ചി: വിശ്രുത കലാകാരനായ എ രാമചന്ദ്രനെപ്പോലുളളവര്‍ മുന്നോട്ടുവെച്ച മാനവികതയുടേയും പാരിസ്ഥിതിക സന്തുലിതാവസ്ഥയുടേയും കലാദര്‍ശനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. കലയെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്ന അവസ്ഥയുണ്ടെന്ന് മനസ്സിലാക്കുന്നതുകൊണ്ടാണ് ഇത് പറയേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കേരള ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ എ രാമചന്ദ്രന്‍ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാരതീയവും ആഗോളവുമായ കലാപാരമ്പര്യങ്ങളെ തന്റെ സൃഷ്ടികളിലൂടെയും കലാപ്രവര്‍ത്തനങ്ങളിലൂടെയും ആധുനികകാലവുമായി ഇണക്കിയ കലാകാരനായിരുന്നു രാമചന്ദ്രനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. രാമചന്ദ്രന്റെ സ്വകാര്യ പുസ്തകശേഖരവും അവാര്‍ഡുകളും സ്മരണികകളുമുള്‍പ്പെട്ട വിഷ്വല്‍ കള്‍ച്ചറല്‍ ലാബ് പുതിയ തലമുറയ്ക്ക് ഏറെ ഉപകാരപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

രാമചന്ദ്രന്റെ 300 കോടി രൂപയിലേറെ മതിക്കുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളുമുള്‍പ്പെട്ട കലാകേന്ദ്രം കൊല്ലത്തെ ശ്രീ നാരായണ ഗുരു സാംസ്‌കാരിക കേന്ദ്രത്തില്‍ വൈകാതെ തുറക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിന്റെ ധാരണാപത്രവും ഉടന്‍ ഒപ്പിടും, മന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി രാജീവ് വിശിഷ്ടാതിഥിയായ ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, മുന്‍ മന്ത്രി എം എ ബേബി, രാമചന്ദ്രന്റെ മക്കളായ രാഹുല്‍, സുജാത, ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show More

Related Articles

Back to top button