വാഷിങ്ടൺ: തെക്കൻ കാലിഫോർണിയയിൽ 17,000 ഏക്കറോളം വിസ്തൃതിയിൽ കാട്ടുതീ വ്യാപിക്കുകയും നിയന്ത്രണാതീതമാവുകയും ചെയ്തതിനെ തുടർന്ന് 5,000-ത്തിലധികം ആളുകളോട് പ്രദേശം ഒഴിഞ്ഞുപോകാൻ യുഎസ് അധികൃതർ ഉത്തരവിട്ടു.
പ്രാദേശിക അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ലെന്നും ഞായറാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 8,000-ത്തിലധികം കെട്ടിടങ്ങൾക്ക് തീയുടെ ഭീഷണി നിലനിൽക്കുന്നതായും അധികൃതർ അറിയിച്ചു. ഉഷ്ണക്കാറ്റ് പുതിയ കാട്ടുതീ ഭീഷണി സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കാലിഫോർണിയയിലെ താപനില വർദ്ധിക്കുകയും വരൾച്ച രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ വലിയതോതിലുള്ള കാട്ടുതീകൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്.