FeaturedKeralaLatest NewsLifeStyleNews

അപൂർവരോഗം: വിപിഎസ് ലേക്ഷോറിലെ മൾട്ടിപ്പിൾ ഓർഗൻ ട്രാൻസ്പ്ലാന്റിലൂടെ  47കാരന് പുതുജീവൻ 

കൊച്ചി: അപൂർവ രോഗത്തെ തുടർന്ന്  കഴിഞ്ഞ 22 വർഷമായി 15 ശസ്ത്രക്രിയകൾക്ക് വിധേയനായ കണ്ണൂർ സ്വദേശിക്ക് വിപിഎസ് ലേക്ഷോറിലെ ചികിത്സയിൽ രോഗമുക്തി.  മോഹൻ കാമ്പ്രത്ത് എന്ന 47കാരന്  വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിൽ നടത്തിയ കരളും വൃക്കയും മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണ് വർഷങ്ങൾ നീണ്ട ആരോഗ്യപ്രശ്നങ്ങൾക്ക് വിരാമമായത്.

 പ്രൈമറി ഹൈപ്പറോക്സലൂറിയ എന്ന അപൂർവ ജനിതക വൈകല്യമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 10 ദശലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഈ അവസ്ഥ ബാധിക്കുന്നത്. ശരീരത്തിൽ ഒക്സലേറ്റ് അടിഞ്ഞു കൂടുന്നത് തടയുന്ന, കരളിലെ ഒരു എൻസൈം ഈ രോഗമുള്ളവരിൽ   ഉണ്ടാവില്ല. അത് കാരണം ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ ഓക്സലേറ്റ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിനും ഹൃദയം, കണ്ണുകൾ തുടങ്ങിയ മറ്റ് സുപ്രധാന അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും ഇടയാക്കും.

23-ാം വയസ്സിൽ ദുബായിൽ വച്ചായിരുന്നു വൃക്കയിലെ കല്ല് നീക്കാനുള്ള ആദ്യ ശസ്ത്രക്രിയ. വർഷങ്ങളായി ദുബായിയിൽ ഏഴ് ശസ്ത്രക്രിയകളും കോഴിക്കോട്ടെ ആശുപത്രിയിൽ ആറ് ശസ്ത്രക്രിയകളും നടത്തിയെങ്കിലും രോഗത്തിന് മാറ്റമുണ്ടായില്ല. 

കുറച്ചു മാസങ്ങൾക്ക് മുൻപ് കടുത്ത ശരീരവേദനയെ തുടർന്നാണ് മോഹനെ വിപിഎസ് ലേക്ഷോറിൽ പ്രവേശിപ്പിച്ചത്. സമഗ്രമായ ടെസ്റ്റുകൾക്ക് ശേഷം, കല്ലുകൾ അദ്ദേഹത്തിൻ്റെ സുപ്രധാന അവയവങ്ങളെ ബാധിക്കാൻ തുടങ്ങിയതിനാൽ, കരളും വൃക്കയും ഒരുമിച്ചു  മാറ്റിവയ്ക്കൽ മാത്രമാണ് അദ്ദേഹത്തെ രക്ഷിക്കാനുള്ള ഏക മാർഗമെന്ന് ഡോക്ടർമാർ കണ്ടെത്തി. യൂറോളജി, നെഫ്രോളജി, ലിവർ ട്രാൻസ്പ്ലാന്റ്  എന്നീ ഡിപ്പാർട്മെന്റുകളിൽ നിന്നുള്ള വിദഗ്ധരുടെ ഒരു വിദഗ്ധ ടീമാണ് ഒരേ സമയം രണ്ട് ദാതാക്കളും ഒരു സ്വീകർത്താവും ഉൾപ്പെട്ട സങ്കീർണ്ണമായ ശസ്ത്രക്രിയ മൂന്ന് ഓപ്പറേഷൻ തിയറ്ററുകളിലായി നടത്തിയത്.

“ഇതൊരു പുതിയ ജീവിതം പോലെ തോന്നുന്നു. ശസ്ത്രക്രിയകൾക്കായി ഞാൻ ഒരുപാട് സമയം ആശുപത്രികളിൽ ചെലവഴിച്ചു, ” മോഹൻ പറഞ്ഞു. ഇപ്പോൾ, ആരോഗ്യം വീണ്ടെടുത്തതോടെ, ഡോക്ടർമാരുടെ അനുമതിയോടെ ദുബായിൽ ജോലിക്ക് മടങ്ങാൻ ഒരുങ്ങുകയാണ് മോഹൻ.

ലിവർ ട്രാൻസ്പ്ലാന്റ് സീനിയർ കൺസൽട്ടന്റ് ഡോ. ഫദൽ എച്ച് വീരാൻകുട്ടി, യൂറോളജി മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജോർജ്ജ് പി. എബ്രഹാം, നെഫ്റോളജി മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. എബി എബ്രഹാം, യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. ഡാറ്റ്സൺ ജോർജ്ജ് പി., നെഫ്റോളജി കൺസൽട്ടന്റ് ഡോ. ജിതിൻ എസ്. കുമാർ, അനസ്തീഷ്യോളജി മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. മോഹൻ മാത്യു എന്നിവർ ആണ് ശസ്ത്രക്രിയ ടീമിൽ ഉണ്ടായിരുന്നത്.

“സാധാരണ രീതിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്കമാറ്റം നടത്തുമ്പോൾ ആ കാലമത്രയും രോഗിയ്ക്ക് ഡയാലിസിസ് നൽകേണ്ടതുണ്ട്. രണ്ട് ട്രാൻസ്പ്ലാൻറുകളും ഒരേസമയം ചെയ്യുന്നത് വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുമ്പോൾ ഡയാലിസിസിന് വിധേയനാകുന്നതിൽ നിന്ന് രോഗിയെ ഒഴിവാക്കുന്നു. 

ഒപ്പം കരൾമാറ്റത്തിന് ശേഷമുള്ള ഇമ്യുണോസപ്രസന്റ് മരുന്നുകൾക്കൊപ്പമുള്ള ഈ കാലയളവിലെ ഡയാലിസിസ്, അണുബാധയ്ക്കും കൂടാതെ ഉയർന്ന ചികിത്സാചെലവിനും കാരണമാകും”,  നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാൻറ് സർവീസസ് മെഡിക്കൽ ഡയറക്ടർ ഡോ.എബി എബ്രഹാം പറഞ്ഞു.

“ഇത്തരത്തിലുള്ള ഒരേസമയം മാറ്റിവയ്ക്കൽ അപൂർവമാണ്, മാത്രമല്ല ഭൂരിഭാഗം ആശുപത്രികളിലും ഈ സങ്കീർണ ശസ്ത്രക്രിയ ചെയ്യുന്നില്ല,” ലിവർ ട്രാൻസ്പ്ലാന്റ്  സീനിയർ കൺസൾട്ടൻ്റ് ഡോ. ഫദൽ എച്ച്. വീരാൻകുട്ടി കൂട്ടിച്ചേർത്തു.

“ഒരേസമയം ട്രാൻസ്പ്ലാൻറ് ചെയ്യുന്നത് ശരീരം അവയവങ്ങൾ നിരസിക്കാനുള്ള സാധ്യത വളരെ കുറയ്ക്കുന്നു, ഇത് മെച്ചപ്പെട്ട റിക്കവറിയും ദീർഘകാല ഫലങ്ങളും നൽകും”, ഡോ. ജോർജ്ജ് പി. എബ്രഹാം ചൂണ്ടിക്കാട്ടി.

അപൂർവ വൈകല്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും സങ്കീർണ്ണമായ, ജീവൻ രക്ഷിക്കുന്ന ട്രാൻസ്പ്ലാൻറുകൾ നടത്തുന്നതിലും ആശുപത്രിയുടെ വൈദഗ്ദ്ധ്യം ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്.കെ അബ്ദുള്ള എടുത്തുപറഞ്ഞു.

Photo : ശസ്ത്രക്രിയയ്ക്ക് വിധേയനായ മോഹൻ കമ്പ്രത്തിനൊപ്പം (ഇടത്തുനിന്ന്)  ആശുപത്രി സിഒഒ ജയേഷ് വി നായർ, ലിവർ ട്രാൻസ്‌പ്ലാന്റേഷൻ സീനിയർ കൺസൾട്ടന്റ് ഡോ. ഫദൽ എച്ച് വീരാൻകുട്ടി, നെഫ്റോളജി മേധാവി ഡോ. എബി എബ്രഹാം, ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള, മോഹൻ കമ്പ്രത്ത് (പേഷ്യന്റ്), യൂറോളജി മേധാവി ഡോ. ജോർജ് പി എബ്രഹാം, സീനിയർ കൺസൾട്ടന്റ് ഡോ. ഡാറ്റ്സൺ‌ പി ജോർജ്, നെഫ്റോളജി കൺസൾട്ടന്റ് ഡോ. ജിതിൻ എസ് കുമാർ എന്നിവർ.

Show More

Related Articles

Back to top button