ഫ്ലോറിഡയിൽ ഹെലീൻ ചുഴലിക്കാറ്റ് അതിതീവ്രമായി; കനത്ത മഴയും വെള്ളപ്പൊക്കവും, തീരപ്രദേശങ്ങളിൽ കടുത്ത മുന്നറിയിപ്പ്
ഫ്ലോറിഡ: ഹെലീൻ ചുഴലിക്കാറ്റ് മണിക്കൂറുകൾക്കുള്ളിൽ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി. കാറ്റഗറി 4-ലെ അതി രൂക്ഷമായ ചുഴലിക്കാറ്റായി രൂപപ്പെട്ട ഹെലീൻ ഫ്ലോറിഡയിലേക്കു നീങ്ങുമ്പോൾ, പല ഭാഗങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും ഇതിനകം തന്നെ ആരംഭിച്ചു. ഫ്ലോറിഡ, തെക്കുകിഴക്കൻ ജോർജിയ, നോർത്ത്, സൗത്ത് കരോലിന സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റിന്റെ ഭീഷണി നിലനിൽക്കുകയാണ്.
ഫ്ലോറിഡ തീരത്ത് ഹെലീൻ കര തൊട്ടില്ലെങ്കിലും അതിന്റെ ആഘാതം തീരപ്രദേശങ്ങളിൽ അനുഭവപ്പെട്ടിട്ടുണ്ട്. അന്ന മരിയ ദ്വീപിന് സമീപം തെരുവുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്, നിരവധി കടകളും വീടുകളും വെള്ളം കയറി തടസ്സപ്പെട്ടിട്ടുണ്ട്.
മെക്സിക്കോ ബീച്ചും ടാംപ ബേയും ഉൾപ്പെടെ തീരപ്രദേശങ്ങളിൽ കനത്ത കാറ്റും അപകടകരമായ തിരമാലകളും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. 200,000 പേർ താമസിക്കുന്ന ടല്ലഹാസി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ജനങ്ങളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്.