ബെയ്‌റൂട്ട്/ജറുസലേം: അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ വെടിനിർത്തൽ ആവശ്യം തള്ളിക്കളഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടികൾ തുടരുമെന്ന് അറിയിച്ചു. 21 ദിവസത്തെ വെടിനിർത്തലിനുള്ള അമേരിക്കയുടെ നിർദ്ദേശത്തെ ഇസ്രയേൽ നിരസിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിലുണ്ടായ ചര്‍ച്ചകളിൽ വെടിനിർത്തലിനുള്ള ആവശ്യങ്ങൾ ഉയർന്നപ്പോൾ, അമേരിക്കയും ഫ്രാൻസും സംയുക്തമായി ഇസ്രയേലിനോട് ശാന്തനിലപാട് കൈക്കൊള്ളാനായുള്ള നിർദ്ദേശം നൽകിയിരുന്നു. എന്നാല്‍ ഹിസ്ബുള്ളയ്ക്ക് ശക്തമായ തിരിച്ചടി നൽകേണ്ടതുണ്ടെന്ന് സൈന്യത്തിന് നിർദ്ദേശം നൽകിയാണ് നെതന്യാഹു പ്രതികരിച്ചത്.
അടുത്തിടെ ലെബനനിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി രാജ്യങ്ങൾ വെടിനിർത്തലിനായി സംയുക്തമായി ഇസ്രയേലിനോട് ആഹ്വാനം ചെയ്തിരുന്നു.