ജപ്പാനിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ യുഎസ് ബോംബ് പൊട്ടിത്തെറി: 80 വിമാനങ്ങൾ റദ്ദാക്കി
ടോക്കിയോ: ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് കുഴിച്ചിട്ടിരുന്ന 500 പൗണ്ട് യുഎസ് ബോംബ് ബുധനാഴ്ച പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തെ തുടർന്ന് 80 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന്റെ ടാക്സിവേയിൽ 7 മീറ്റർ വ്യാസവും 1 മീറ്റർ ആഴവുമുള്ള ഒരു വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. അതേസമയം, സമീപത്ത് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഇതുവഴി ആർക്കും പരുക്കേറ്റിട്ടില്ല.
500 പൗണ്ട് യുഎസ് ബോംബാണ് പൊട്ടിത്തെറിയുടെ കാരണം എന്നു അധികൃതർ സ്ഥിരീകരിച്ചെങ്കിലും, അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.
അടുത്തുള്ള ഏവിയേഷൻ സ്‌കൂൾ റെക്കോർഡ് ചെയ്ത വീഡിയോയിൽ, സ്‌ഫോടനത്തെ തുടർന്ന് സ്ഫോടകവസ്തുക്കൾ ജലധാര പോലെ പറന്ന് വീഴുന്നത് കാണാമെന്ന് അധികൃതർ വ്യക്തമാക്കി.
മിയാസാക്കി എയർപോർട്ട് 1943-ൽ ജാപ്പനീസ് നേവി ഫ്ലൈറ്റ് പരിശീലന കേന്ദ്രമായി നിർമ്മിച്ചതാണെന്നും, രണ്ടാം ലോകമഹായുദ്ധകാലത്ത് പോറാതെ പോയ നിരവധി ബോംബുകൾ പ്രദേശത്ത് ഇപ്പോഴും കണ്ടെത്തുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.