ഗോപിനാഥ് മുതുകാടിന്റെ അഞ്ചാമത് ഭാരതയാത്രയ്ക്ക് കന്യാകുമാരിയില്‍ ആവേശോജ്ജ്വല തുടക്കം
കന്യാകുമാരി: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് നടത്തുന്ന ഭാരതയാത്ര ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് കന്യാകുമാരിയില്‍ ആവേശോജ്ജ്വല തുടക്കം. ഇന്നലെ (ഞായര്‍) രാവിലെ ഗാന്ധി മണ്ഡപത്തിന് മുന്നില്‍ എന്‍.ദളവായ് സുന്ദരം എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തതോടെ ഭാരതയാത്രയ്ക്ക് തുടക്കമായി. പാര്‍ശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്കുയര്‍ത്തേണ്ടത് അനിവാര്യമാണ്.
അത്തരത്തില്‍ ഭാരതം ഭിന്നശേഷിക്കാരുടേതുകൂടിയാണെന്ന് ബോധ്യപ്പെടുത്താന്‍ മുതുകാടിന്റെ ഈ ഭാരതയാത്രയ്ക്ക് സാധിക്കട്ടെയെന്ന് എം.എല്‍.എ ആശംസിച്ചു. നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ മേയര്‍ ആര്‍.മഹേഷ് അദ്ധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് കുമാരകോവില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ക്യാമ്പസില്‍ ഭാരതയാത്രയുടെ ആദ്യ ബോധവത്കരണ പരിപാടി അരങ്ങേറി. കന്യാകുമാരി കളക്ടര്‍ അഴഗുമീന ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.ഐ.സി.എച്ച്.ഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എന്‍.ഐ.സി.എച്ച്.ഇ പ്രൊ ചാന്‍സിലര്‍ എം.എസ് ഫൈസല്‍ഖാന്‍, എന്‍.ഐ.സി.എച്ച്.ഇ രജിസ്ട്രാര്‍ ഡോ.പി.തിരുമാവളവന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് എന്‍.ഐ.സി.എച്ച്.ഇയിലെ നിറഞ്ഞ സദസ്സിനുമുന്നില്‍ ഗോപിനാഥ് മുതുകാട് ഇന്‍ക്ലൂസീവ് ഇന്ത്യയുടെ ആദ്യ പരിപാടി അവതരിപ്പിച്ചു.
ഗോപിനാഥ് മുതുകാടും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും ചേര്‍ന്നൊരുക്കിയ ബോധവത്കരണ കലാപരിപാടി കരഘോഷത്തോടെയാണ് കാണികള്‍ ഏറ്റെടുത്തത്. വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാല ബോധവത്കരണ പരിപാടിയിലൂടെ ഭിന്നശേഷി മേഖലയില്‍ സമൂഹം പാലിക്കേണ്ട കടമകളും ഉത്തരവാദിത്വങ്ങളുമൊക്കെ സവിസ്തരം പ്രതിപാദിച്ചു. ഭിന്നശേഷി മേഖലയിലെ ഉജ്ജ്വലതാരങ്ങളെക്കുറിച്ചുള്ള മോട്ടിവേഷണല്‍ വീഡിയോയും കാണികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കി. സംഘം ഇന്നലെ വൈകുന്നേരം അടുത്ത സംസ്ഥാനമായ കര്‍ണാടകയിലേയ്ക്ക് തിരിച്ചു. രാജ്യമൊട്ടാകെ നാല്‍പ്പതില്‍പ്പരം വേദികളില്‍ ബോധവത്കരണ പരിപാടി അവതരിപ്പിക്കും. മുതുകാട് ഉള്‍പ്പടെ 7 അംഗ സംഘമാണ് യാത്രയിലുള്ളത്. പ്രധാന കേന്ദ്രങ്ങളില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് ഡല്‍ഹിയില്‍ യാത്ര അവസാനിക്കും.ഇന്‍ക്ലൂസീവ് ഇന്ത്യ – ഭിന്നശേഷി മേഖലയ്ക്ക് പുതുജീവന്‍ നല്‍കും: അഴഗുമീന ഐ.എ.എസ്
തക്കലൈ: ഭിന്നശേഷി മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാനും അവരുടെ ഉന്നമനത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുവാനും ഗോപിനാഥ് മുതുകാടിന്റെ ഇന്‍ക്ലൂസീവ് ബോധവത്കരണ പരിപാടി ഊര്‍ജം നല്‍കിയെന്ന് കന്യാകുമാരി കളക്ടര്‍ അഴഗുമീന ഐ.എ.എസ് പറഞ്ഞു. ഭിന്നശേഷി മേഖലയ്ക്കായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന ഭാരതയാത്രയുടെ ഭാഗമായുള്ള ബോധവത്കരണ ഇന്ദ്രജാല പരിപാടി കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. ഭിന്നശേഷിക്കാരോടുള്ള ഇടപെടലുകളില്‍ സമൂഹം അറിയേണ്ടുന്ന സാമൂഹിക, മാനുഷിക, വൈകാരിക തലങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ ഇന്‍ക്ലൂസീവ് ഇന്ത്യ ബോധവത്കരണപരിപാടിയിലൂടെ സാധിക്കും. സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അറിവുകള്‍ ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ പരിപാടി ഒരുക്കാന്‍ മുതുകാട് എടുത്ത ശ്രമങ്ങള്‍ പ്രശംസനീയമാണ്. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികളും തന്നെ അത്ഭുതപ്പെടുത്തി. ഭിന്നശേഷി മേഖലയില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിക്ക് മുൻകൈ എടുത്ത മുതുകാടിനെയും കലാപരിപാടികൾ അവതരിപ്പിച്ച ഭിന്നശേഷിക്കുട്ടികളെയും അഭിനന്ദിച്ച ശേഷമാണ് അവർ മടങ്ങിയത്.