ഫ്‌ളോറിഡയില്‍ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; 2017ന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ആരംഭിച്ചു
ഫ്‌ളോറിഡ: നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റിന് പിന്നാലെ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് യു.എസ്.യിലെ ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ശക്തിപ്രാപിച്ചു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ശക്തിപ്രാപിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ്, 2017ല്‍ നടന്ന ഇര്‍മ ചുഴലിക്കാറ്റിനുശേഷം ഏറ്റവും വലിയ ഒഴിപ്പിക്കലിനാണ് പ്രേരണയാകുന്നത്. ഫ്‌ളോറിഡ ഇതിന് ഞായറാഴ്ച ഒരുക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഞായറാഴ്ച ചുഴലിക്കാറ്റിലേക്ക് ശക്തിപ്രാപിച്ച മില്‍ട്ടണ്‍, ബുധനാഴ്ച വലിയ ചുഴലിക്കാറ്റായി കരയിലേക്ക് എത്തുമെന്നാണ് പ്രവചനം. ജനസാന്ദ്രതയേറിയ റ്റാമ്പ ബേ ഏരിയക്ക് സമീപം മില്‍ട്ടണ്‍ വീശിയടിക്കുമെന്നാണ് യുഎസ് നാഷണല്‍ ചുഴലിക്കാറ്റ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സെപ്തംബര്‍ 26 ന് കരയിലേയ്ക്കെത്തിയ ഹെലന്‍ ചുഴലിക്കാറ്റ് വിതച്ച നാശത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന പ്രദേശങ്ങള്‍ക്ക് മില്‍ട്ടണ്‍ പുതിയ വെല്ലുവിളിയായിരിക്കുമെന്നതിനാല്‍ ശക്തമായ മുന്‍കരുതലുകളാണ് ഫ്‌ളോറിഡ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
“2017ലെ ഇര്‍മ ചുഴലിക്കാറ്റിന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലിന് ഫ്‌ളോറിഡ തയ്യാറെടുക്കുകയാണ്,” എന്നും ജനങ്ങള്‍ അതിനായി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഫ്‌ളോറിഡ എമര്‍ജന്‍സി മാനേജ്മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ കെവിന്‍ ഗുത്രി അറിയിച്ചു.