ചമോലി ചൗഖംബ കൊടുമുടിയിൽ കുടുങ്ങിയ യു.എസ്, യു.കെ സ്വദേശിനികളെ 80 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തി
ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിലെ ചൗഖംബ കൊടുമുടിയിൽ കുടുങ്ങിയ അമേരിക്കൻ, ബ്രിട്ടീഷ് പർവതാരോഹകരെ 80 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ത്യൻ വ്യോമസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. 6,015 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിൽ കുടുങ്ങിയിരുന്ന മിഷേൽ തെരേസ ഡ്വോറക്ക് (23) എന്ന യു.എസ് സ്വദേശിനിയെയും ഫാവ് ജെയ്ൻ മാനേഴ്സ് (27) എന്ന യു.കെ സ്വദേശിനിയെയും വ്യോമസേന രക്ഷപ്പെടുത്തുകയായിരുന്നു.
ഇരുവരും ഇന്ത്യൻ പർവതാരോഹണ പരിശീലന അസോസിയേഷന്റെ അനുമതിയോടെ ട്രക്കിംഗ് ആരംഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒക്‌ടോബർ 3ന് പർവതാരോഹണത്തിനിടയിൽ അവരുടെ ലോജിസ്റ്റിക് ഉപകരണങ്ങളും ബാഗുകളും മലയിടുക്കിലേക്ക് വീണതിനെ തുടർന്ന് ഇവർ മഞ്ഞ് മൂടിയ കൊടുമുടിയിൽ കുടുങ്ങുകയായിരുന്നു.
പേജർ ഉപയോഗിച്ച് എംബസികളുമായി ബന്ധപ്പെടുകയും, തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടുകയുമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം തന്നെ ഇക്കാര്യം അറിയിച്ചതായി ചമോലി ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് തിവാരി അറിയിച്ചു. വെള്ളിയാഴ്ച നിന്ന് രണ്ട് ഐഎഎഫ് ചേതക് ഹെലികോപ്റ്ററുകൾ ചേർന്നുള്ള തിരച്ചിൽ തുടർന്നു. ഇന്നലെനിന്നും നടന്ന ശക്തമായ തിരച്ചിലിനൊടുവിൽ ഇരുവരെയും കണ്ടെത്തി ഇന്നലെ രാവിലെ രക്ഷപ്പെടുത്തുകയായിരുന്നു.