മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയ്ക്ക് ഭീഷണിയായി; സംസ്ഥാനത്ത് അടിയന്തരാവസ്ഥ
ഫ്ലോറിഡ: രാജ്യത്ത് കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റിൽ നിന്ന് കരകയറുന്നതിനിടെ, പുതിയ ഭീഷണിയായി മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയിലേക്ക് നീങ്ങുന്നു. കാറ്റഗറി 3 നിന്ന് കാറ്റഗറി 4 ആയി ശക്തിപ്രാപിച്ച മിൽട്ടൺ ചുഴലിക്കാറ്റ്, ബുധനാഴ്ച ഫ്ലോറിഡയുടെ പശ്ചിമ തീരത്തേക്ക് കടന്നു വരുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മിൽട്ടണിനെ നേരിടാൻ ഫ്ലോറിഡയടക്കമുള്ള സംസ്ഥാനങ്ങൾക്കു മുന്നൊരുക്കം തുടങ്ങി. സെയിന്റ് പീറ്റേഴ്‌സ്ബർഗ്, റ്റാമ്പ എന്നീ നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിട്ടുണ്ട്. റ്റാമ്പ, ക്ലിയർവാട്ടർ എന്നീ വിമാനത്താവളങ്ങളും ചുഴലിക്കാറ്റ് ഭീഷണി കാരണം താത്കാലികമായി അടയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
2017-ൽ നടന്ന ഇർമ ചുഴലിക്കാറ്റിന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഇപ്പോൾ ഫ്ലോറിഡയിൽ നടക്കുന്നത്. റ്റാമ്പ മേഖലയിൽ ആളുകളുടെ വലിയ ഒഴിപ്പിക്കൽ പുരോഗമിക്കുകയാണ്. സെപ്റ്റംബർ 26-ന് കരതൊട്ട ഹെലൻ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ മിൽട്ടൺ ചുഴലിക്കാറ്റിന് മുമ്പാകെ വീണ്ടും അപകടത്തിലാകുമെന്ന ഭീതിയിലാണ് അധികാരികൾ.
‘2017ലെ ഇർമ ചുഴലിക്കാറ്റിന് ശേഷം കാണുന്ന ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഫ്ലോറിഡയിൽ നടക്കുന്നത്’ എന്ന് എമർജൻസി മാനേജ്മെന്റ് ഡിവിഷൻ ഡയറക്ടർ കെവിൻ ഗുത്രി വ്യക്തമാക്കി.