ലാസ് വെഗാസ് വിമാനത്താവളത്തിൽ ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു; 190 യാത്രക്കാരും സുരക്ഷിതർ
ന്യൂയോർക്ക് ∙ ലാസ് വെഗാസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനിടെ ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. സാൻ ഡീഗോയിൽ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന വിമാനത്തിലുണ്ടായ പുക കണ്ടത്തെിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
വിമാനം തറച്ച ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ സേന തീയണക്കാനുള്ള നടപടികൾ ആരംഭിച്ചു. വിമാനത്തിലുണ്ടായിരുന്ന 190 യാത്രക്കാരെയും 7 ജീവനക്കാരെയും എയർസ്റ്റെയർ ഉപയോഗിച്ച് സുരക്ഷിതമായി ഇറക്കിയതായും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരെ പിന്നീട് ടെർമിനലിലേക്ക് മാറ്റുകയും ചെയ്തു.
ശനിയാഴ്ചയായിരുന്നു സംഭവം. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്ന് ഫ്രോണ്ടിയർ എയർലൈൻസ് അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ശനിയാഴ്ച വൈകീട്ട് 7 മണിവരെ വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തിയതായും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.