കിഴക്കമ്പലം (കൊച്ചി) ∙ അന്ന-കിറ്റെക്സ് ഗ്രൂപ്പിന്റെ വളർച്ചയിലും പ്രവർത്തനങ്ങളിലും പിന്തുണയും കരുത്തുമായി നിലകൊണ്ട ഏലിയാമ്മ ജേക്കബ് (86) അന്തരിച്ച് ഇന്നേക്ക് നാലാം വർഷം. അന്ന–കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകൻ കിഴക്കമ്പലം മേയ്ക്കാംകുന്നേൽ പരേതനായ എം.സി.ജേക്കബിന്റെ ഭാര്യയാണ്.
ബിസിനസ് കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെങ്കിലും എം.സി.ജേക്കബിനു പ്രോത്സാഹനവുമായി ഏലിയാമ്മയുണ്ടായിരുന്നു. മക്കളായ സാബു എം.ജേക്കബ്, ബോബി എം.ജേക്കബ് എന്നിവരുടെ ബിസിനസ് വളർച്ചയിലും ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മയുടെ രൂപീകരണത്തിലും പ്രധാന പങ്കു വഹിച്ച വ്യക്തി കൂടിയാണ്.
കേരളത്തിന്റെ വ്യാപാര വ്യവസായ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച അന്ന – കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകൻ എം.സി.ജേക്കബിന്റെ വളർച്ചയുടെ ചാലകശക്തിയായിരുന്നു സഹധർമിണി ഏലിയാമ്മ. ‘കിഴക്കമ്പലത്തിന്റെ ചാച്ചൻ’ എന്നറിയപ്പെട്ടിരുന്ന എം.സി.ജേക്കബ് സ്വന്തം ആരോഗ്യം പോലും മറന്നു രാപകലില്ലാതെ ഒട്ടേറെ രോഗികളെ ശുശ്രൂഷിച്ചിരുന്നു. അന്നൊക്കെ വീട്ടിലെത്തിയിരുന്ന നൂറുകണക്കിന് അതിഥികൾ ഏലിയാമ്മയുടെ സ്നേഹവും വാത്സല്യവും അറിഞ്ഞു. അവരിൽതന്നെ ഒട്ടേറെപ്പേർ ആ അമ്മയുടെ പാചകത്തിന്റെ കൈപ്പുണ്യവും രുചിച്ചു.
ഇന്നു രാഷ്ട്രീയ, സാംസ്കാരിക, വ്യാവസായിക മേഖലകളിലുള്ളവരിൽ പലരും അനുസ്മരിക്കുന്ന കാര്യമാണിത്. കിഴക്കമ്പലത്തെ മേയ്ക്കാംകുന്നേലെ വീട്ടിലെത്തുന്നവരെ സ്വീകരിച്ചിരുന്നതു നെല്ലിക്ക അരിഷ്ടം നൽകിയായിരുന്നു. സ്വന്തമായി തയാറാക്കിയ നെല്ലിക്ക അരിഷ്ടം വീട്ടിലെത്തുന്നവർക്കു മധുരമൂറുന്ന സ്വാഗതപാനീയമായി കരുതിവച്ചു ആ അമ്മ.
അടുപ്പമുള്ളവർക്കെല്ലാം എല്ലാ വർഷവും മാമ്പഴം എത്തിച്ചുനൽകുന്ന രീതി അന്ന – കിറ്റെക്സ് ഗ്രൂപ്പ് തുടരുമ്പോൾ അതിനു പിന്നിലും ഏലിയാമ്മയുടെ സ്നേഹമനസ്സായിരുന്നു. തിരുച്ചിറപ്പള്ളിയിലെ ഫാമിൽ വിളയുന്ന മാമ്പഴം വിവിധ രംഗങ്ങളിലെ അടുപ്പമുള്ളവരുടെയെല്ലാം വീടുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ജാഗ്രത പുലർത്തിയിരുന്നു അവർ.
അന്ന – കിറ്റെക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കിഴക്കമ്പലത്തു രൂപംകൊണ്ട ജനകീയ കൂട്ടായ്മയായ ട്വന്റി20യുടെ ഒട്ടേറെ ജനകീയ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഏലിയാമ്മ ജേക്കബ്. നാടിനോടും വീടിനോടും അടുത്ത വൈകാരികമായ ബന്ധമായിരുന്നു എം.സി.ജേക്കബിനുണ്ടായിരുന്നത്. സ്വന്തം നാടിന്റെയും ജീവിതത്തിൽ ഏറെ സ്വാധീനിച്ചവരുടെയും പേരുകളാണ് അദ്ദേഹം തന്റെ പ്രസ്ഥാനങ്ങൾക്കു നൽകിയത്. അന്ന അലുമിനിയവും സാറാസ് കറിപൗഡറും പിന്നീടു കിറ്റെക്സായി മാറിയ കിഴക്കമ്പലം ടെക്‌സ്റ്റൈൽസുമെല്ലാം അതിന് ഉദാഹരണങ്ങൾ.