മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധം: എം വി ഗോവിന്ദൻ

കണ്ണൂര്‍: രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. രാജ്യത്ത് മതധ്രുവീകരണത്തിന് ഇടയാക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ രാജ്യത്ത് നിരവധി വിമര്‍ശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും, മദ്രസകളില്‍ കുട്ടികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന ആരോപണം വെറുതെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മദ്രസകള്‍ പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ് പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നതെന്നും, അതിനാൽ ഈ ഉത്തരവ് അവിടുത്തെ പൊതു വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ നിലപാട് വ്യത്യസ്തമാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ പാർട്ടിക്ക് പ്രതികരിക്കാനില്ലെന്നും, ബിജെപിയും സിപിഎമ്മും ചേർന്ന് കേസ് അവസാനിപ്പിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.