നവീന്‍ ബാബുവിന് കണ്ണീരോടെ വിട; വിലാപയാത്രയായി പത്തനംതിട്ട കലക്ടറേറ്റില്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ചു
പത്തനംതിട്ട: അഴിമതി ആരോപണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ നവീന്‍ ബാബുവിന് പത്തനംതിട്ടയില്‍ പ്രിയപ്പെട്ടവര്‍ കണ്ണീരോടെ വിടനല്‍കാനൊരുങ്ങി. നവീന്റെ മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലേക്കെത്തിച്ചപ്പോള്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
വൈകാരിക നിമിഷങ്ങളിലൂടെയായിരുന്നു കലക്ടറേറ്റിലെ പൊതു ദര്‍ശനം. പത്തനംതിട്ട കളക്ടറായ ദിവ്യ എസ്. അയ്യര്‍ മൃതദേഹത്തിനരികില്‍ വിതുമ്പിക്കരഞ്ഞു. നവീന്റെ മരണവാർത്തയോട് പ്രതികരിച്ച് ദിവ്യ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി അനുശോചനം രേഖപ്പെടുത്തിയിരുന്നു. നവീനൊപ്പം ജോലി ചെയ്ത അനുഭവങ്ങള്‍ പങ്കുവെച്ച ദിവ്യ, അദ്ദേഹത്തെ നല്ല ഉദ്യോഗസ്ഥനായി ഓര്‍മ്മിച്ചു.
മുന്‍ കലക്ടര്‍ പി.ബി. നൂഹ്, നവീന്‍ കൂടുതല്‍ നല്ല യാത്രയയപ്പ് അര്‍ഹിക്കുന്നുണ്ടെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കളക്ടറേറ്റിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.