CanadaIndiaLatest NewsNews

നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ സാധ്യത: ബ്രിട്ടന്‍ ഇന്ത്യയുടെ നിലപാട് തള്ളി

ഒട്ടാവ: സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്കെതിരെ കാനഡ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സൂചന. കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി ഇത് സംബന്ധിച്ച സൂചന നല്‍കുകയായിരുന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു മെലാനി ജോളിയുടെ പ്രതികരണം. “ടൂള്‍ബോക്‌സ്” പരിശോധിച്ചാല്‍ വിലയിരുത്തലുകള്‍ മനസിലാക്കാമെന്നും, നയതന്ത്ര പ്രതിനിധികളെ പുറത്താക്കല്‍ വളരെ ഗൗരവമായ നടപടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ സമൂഹം ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയും പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യ-കാനഡ തര്‍ക്കത്തില്‍ ബ്രിട്ടന്‍ ഇന്ത്യയുടെ നിലപാട് തള്ളി രംഗത്തെത്തിയിട്ടുണ്ട്. കാനഡയുടെ നിയമനടപടികളുമായി സഹകരിക്കുകയാണു ശരിയായ തീരുമാനമെന്ന് ബ്രിട്ടീഷ് ഫോറിന്‍ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു. കാനഡയുടെ നീതിന്യായ വ്യവസ്ഥയോട് വിശ്വാസമുണ്ടെന്നും ഇന്ത്യയും സഹകരിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

2023 സെപ്തംബറില്‍ കാനഡന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നിജ്ജാറിന്റെ വധത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നാരോപിച്ചെങ്കിലും ഇതുവരെ യാതൊരു തെളിവും ഇന്ത്യയ്ക്ക് നല്‍കിയിട്ടില്ല.

Show More

Related Articles

Back to top button