വാഷിംഗ്ടൺ: സിഖ് വിഘടനവാദി നേതാവും അമേരിക്കൻ-കനേഡിയൻ പൗരനുമായ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോവിന്റെ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിന് എതിരെ അമേരിക്ക കുറ്റം ചുമത്തി. പന്നൂനെ വധശ്രമം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യു.എസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2023-ലാണ് വികാസ് യാദവ് സിഖ് നേതാവ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന സംഘടിപ്പിച്ചതെന്നാണ് യുഎസ് ആരോപണം. യാദവ് നിഖിൽ ഗുപ്ത എന്ന വ്യവസായിയ്ക്ക് കൊലപാതക ചുമതല ഏൽപ്പിച്ചതായും, പന്നൂന്റെ വ്യക്തിഗത വിവരങ്ങൾ നൽകിയതായും കേസിൽ പറയുന്നുണ്ട്.
വികാസ് യാദവിനെ സർക്കാർ സർവീസിൽ നിന്ന് നീക്കിയതായി ഇന്ത്യ യുഎസിനെ അറിയിച്ചിരുന്നുവെങ്കിലും, ഈ കേസ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം കനഡയിൽ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻറുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് യു.എസ് പുറത്തുവിട്ട പുതിയ കുറ്റാരോപണം.