റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് സെലെന്‍സ്‌കിയാണ് ഉത്തരവാദി: ട്രംപിന്റെ ആരോപണം.
വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിക്കാന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയാണ് കാരണമെന്ന് ആരോപിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2024 നവംബര്‍ 5-നു നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യുഎസ്-യുക്രെയ്ൻ നയം മാറ്റുമെന്ന ആശങ്കയും ഇതിനൊപ്പം ഉയരുന്നുണ്ട്.
2022-ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യു.എസ്. സൈനിക സഹായം സ്വീകരിച്ചതിന് സെലെന്‍സ്‌കിയെ സ്ഥിരമായി വിമര്‍ശിക്കുന്ന ട്രംപ്, അദ്ദേഹത്തെ ‘ഭൂമിയിലെ ഏറ്റവും വലിയ കച്ചവടക്കാരന്‍’ എന്നും വിളിച്ചിരിക്കുന്നു. കൂടാതെ, മോസ്‌കോയുമായി സമാധാനം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനും ട്രംപ് യുക്രെയ്ന്‍ നേതാവിനെ വിമര്‍ശിച്ചു.
യുക്രെയ്ന്‍ റഷ്യയുമായി സമാധാന കരാര്‍ ഉണ്ടാക്കാന്‍ ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കേണ്ടിവരുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പാട്രിക് ബെറ്റ്-ഡേവിഡുമായി പിബിഡി പോഡ്കാസ്റ്റിനോട് നടത്തിയ സംഭാഷണത്തില്‍ ആണ് ട്രംപ് തന്റെ ഈ നിലപാട് ആവര്‍ത്തിച്ചത്.