എഡിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണ് സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
എല്ലാ അര്‍ഥത്തിലും അന്നും ഇന്നും നവീന്‍റെ കുടുംബത്തിനൊപ്പമാണ്. അത് കണ്ണൂരിലെ പാര്‍ട്ടി ആയാലും പത്തനംതിട്ടയിലെ പാര്‍ട്ടി ആയാലുമെന്നും എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാപ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യയെ ഒഴിവാക്കുന്നതായിരുന്നു ജനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിക്കേണ്ടിയിരുന്ന നടപടി. അത് താമസിപ്പിക്കാതെ പാര്‍ട്ടി സ്വീകരിച്ചുവെന്നും സംഘടനാപരമായ പ്രശ്നം പാര്‍ട്ടിക്കുള്ളിലാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മൊഴി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് പൊലീസുമായി ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീന്‍റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയാണ് എം.വി. ഗോവിന്ദന്‍ കുടുംബാംഗങ്ങളെ കണ്ടത്.
നവീന്‍റെ അപ്രതീക്ഷിത മരണം അദ്ദേഹത്തിന്‍റെ കുടുംബത്തെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. പിബി യോഗത്തിനിടയിലാണ് വിവരം അറിഞ്ഞതെന്നും കുടുംബത്തെ അടിയന്തരമായി ബന്ധപ്പെട്ട് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്യണമെന്നും അന്ന് തന്നെ ഉദയഭാനുവിനെ താന്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി വെളിപ്പെടുത്തി.
‘നവീന്‍റെ ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടും വിവരം ആരാഞ്ഞു. ഞങ്ങള്‍ക്ക് സര്‍വസ്വവും നഷ്ടമായിരിക്കുകയാണ്. അതിന്‍റെ ഭാഗമായ നിയമപരമായ പരിരക്ഷ കിട്ടണം, ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണം എന്നാണ് കുടുംബം ആവശ്യപ്പെട്ടത്. പാര്‍ട്ടി അക്കാര്യത്തില്‍ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം വിശദീകരിച്ചു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും രാജുഎബ്രഹാം എന്നിവരും എം.വി. ഗോവിന്ദനൊപ്പം ഉണ്ടായിരുന്നു.