കൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ (95) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം, അസുഖം മൂർച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തിൽ ജീവൻ നിലനിർത്തിയിരുന്നു.
ശ്രേഷ്ഠ കാതോലിക്കയായി 2002 ജൂലൈ 26-ന് അധികാരമേറ്റ ബസേലിയോസ് തോമസ് പ്രഥമൻ, പതിറ്റാണ്ടുകളായി മലങ്കര യാക്കോബായ സഭയുടെ ആധ്യാത്മിക നേതൃത്വത്തിൽ നിലയുറപ്പിച്ച വ്യക്തിത്വമായിരുന്നു. 1929 ജൂലൈ 22-ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം, 1958-ല്‍ വൈദികപട്ടം സ്വീകരിച്ച് സഭാ സേവനത്തിലേക്ക് പ്രവേശിച്ചു.
1974-ല്‍ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി സഭാ കാര്യങ്ങളിൽ സജീവമായി പങ്കാളിയായതിനു ശേഷമാണ് 1998-ല്‍ സുന്നഹദോസ് പ്രസിഡന്റായി നിയമിക്കപ്പെട്ടത്. 2000 ഡിസംബര്‍ 27-ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷയോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത അദ്ദേഹം, 2002 ജൂലൈ 26-ന് ശ്രേഷ്ഠ കാതോലിക്കയായി അധികാരമേറ്റെടുത്തു.
ദീർഘകാലത്തെ സഭാ സേവനവും പരിശുദ്ധമായ ആത്മീയതയുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്രയായി. സമാധാനത്തിനും വിശ്വാസികളുടെ ആധ്യാത്മിക ഉന്നമനത്തിനുമായി ബസേലിയോസ് ബാവ നടത്തിയ പരിശ്രമങ്ങൾ സഭയിൽ എന്നും സ്മരണയായി തുടരും.
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സംസ്കാര ക്രമീകരണങ്ങൾ
ഭൗതിക ശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കുന്നു. തുടർന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കുന്നു.
നാളെ (നവംബർ 1 വെള്ളി) രാവിലെ 8 മണിക്ക് വി. കുർബ്ബാന കോതമംഗലം ചെറിയ പള്ളിയിൽ നടക്കും.
9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം.
തുടർന്ന് 10.30 ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കുന്നു.
ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ എത്തിച്ചേരുന്നു.
തുടർന്ന് 4 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദർശനം.
നവംബർ 2ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ വി.കുർബ്ബാന ഉണ്ടായിരിക്കും.
3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രുഷകൾ ആരംഭിക്കും.