ഗോപിനാഥ് മുതുകാടിന്റെ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്ര പരിപാടിയെ മുക്തകണ്ഠം അഭിനന്ദിച്ച് നാഗാ ഗവര്‍ണര്‍ ലാ ഗണേശന്‍.
നാഗാലാന്റ്: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യഉള്‍ച്ചേര്‍ക്കണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ബോധവത്കരണ പരിപാടിയെ അഭിനന്ദിച്ച് നാഗാലാന്റ് ഗവര്‍ണര്‍ ലാ ഗണേശന്‍. ഭാരതയാത്രയുടെ നാഗാലാന്റ് പര്യടത്തിനിടെ ഇന്നലെ (ശനി) ദിമാപുരിലെ നെയ്‌സറില്‍ (നോര്‍ത്ത് ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച്) നടന്ന ബോധവത്കരണ പരിപാടി മുഴുവന്‍ വീക്ഷിച്ച ശേഷമാണ് മുതുകാടിനെയും സംഘത്തെയും അഭിനന്ദിച്ചത്. ഗോപിനാഥ് മുതുകാട് ഭിന്നശേഷി മേഖലയുടെ ഉന്നമനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അന്തസത്ത ഭാരതീയ സമൂഹം ഏറ്റെടുക്കേണ്ടതാണന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാല ബോധവത്കരണ പരിപാടിയില്‍ ഭിന്നശേഷി മേഖലയില്‍ സമൂഹം പാലിക്കേണ്ട കടമകളും ഉത്തരവാദിത്വങ്ങളുമൊക്കെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ഇത് കാണികള്‍ക്ക് ഒരവബോധം സൃഷ്ടിക്കുവാന്‍ കഴിയുമെന്നും ഇതിനായി മുതുകാട് എടുത്ത പരിശ്രമം അംഗീകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ അവസാനം സ്റ്റേജിലേയ്ക്ക് കയറി മുതുകാടിനെ അഭിനന്ദിക്കുകയും രാജ് ഭവനിലേയ്ക്ക് സംഘത്തെ ക്ഷണിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതിന്റെ ഭാഗമായി രാജ്ഭവനിൽ ഇന്ന് (ഞായർ) സ്വീകരണ ചടങ്ങ് സംഘടിപ്പിക്കും.
ബിഷപ്പ് എബ്രഹാം മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് ഡിസെബിലിറ്റി കമ്മീഷണര്‍ ഡെതെനൊ നാക്രോ മുഖ്യപ്രഭാഷണം നടത്തി. നെയ്‌സറിലെ ഭിന്നശേഷിക്കാരുടെ കലാപ്രകടനങ്ങളുടെ അവതരണവും പരിപാടിയോടനുബന്ധിച്ച് നടന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 6നാണ് കന്യാകുമാരിയില്‍ നിന്നും മുതുകാട് പര്യടനം ആരംഭിച്ചത്. ഒരുമാസത്തോടടുക്കുമ്പോൾ ഭാരതത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ സംഘം പര്യടനം നടത്തുന്നത്. ഇതിനോടകം പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ പരിപാടി വിജയകരമായി അവതരിപ്പിച്ചു കഴിഞ്ഞു. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് ഡല്‍ഹിയില്‍ യാത്ര അവസാനിക്കും.