എഡിഎം നവീൻ ബാബു കേസിൽ പി.പി. ദിവ്യയ്ക്ക് ജാമ്യം; പാർട്ടി അച്ചടക്കനടപടി ശക്തമാക്കി.

തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ഒറ്റവാക്കിലായിരുന്നു വിധി പ്രസ്താവം, 11 ദിവസങ്ങൾക്കുശേഷമാണ് ദിവ്യ പുറത്തിറങ്ങുന്നത്. വിധിയുടെ പകർപ്പ് ലഭിച്ച ശേഷം നവീൻ ബാബുവിന്റെ കുടുംബത്തോട് ആലോചിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്ന് കുടുംബത്തിന്റെ അഭിഭാഷകയായ അഡ്വ. സജിത പ്രതികരിച്ചു.
ഇതിനിടെ, ദിവ്യയ്‌ക്കെതിരെ സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പാർട്ടി അച്ചടക്കനടപടി എടുത്തിരുന്നു. ദിവ്യയെ പാർട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ദിവ്യയുടെ ഭാഗം കൂടി കേൾക്കണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടുവെങ്കിലും ഭൂരിപക്ഷം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തിന് അനുകൂലമായി. സമ്മേളന സമയത്ത് സിപിഐഎമ്മിൽ ഇത്തരം അച്ചടക്കനടപടി അപൂർവമാണെന്നും വ്യക്തമാക്കുന്നു.