”ബോധിവൃക്ഷതണലിൽ” – ആസ്വാദനം
”പ്രിയപ്പെട്ട ജോർജി, നിങ്ങളുടെ ക്ഷണം നിരസിക്കാൻ പറ്റാത്തത് കൊണ്ട് മാത്രമാണ് നാടകത്തിനു വരാൻ തീരുമാനിച്ചത്. അടുത്ത അമ്പല പറമ്പിൽ നാടകം നടക്കുമ്പോൾ എന്തിനാണ് ഉറക്കം ഒഴിച്ചു മഞ്ഞും കൊണ്ട് ഇരിക്കുന്നത് എന്ന് ആലോചിച്ചു നാടകം ഒഴിവാക്കാറാണ് പതിവ്. അപ്പോഴാണ് പണം അങ്ങോട്ട് കൊടുത്ത് നാടകം കാണാൻ ഇറങ്ങിയത് 😊
വന്നപ്പോഴേ സന്തോഷമായി, മുന്നിൽ ഇരിക്കുന്നു പഴം പൊരിയും പരിപ്പ് വടയും. നാട്ടിൽ നിന്നും വന്നതിനു ശേഷം ആദ്യമായാണ് ഇവന്മാരെ നേരിട്ട് കാണുന്നത്. വയർ നിറയെ ആർത്തിയോടെ കഴിച്ചു കഴിഞ്ഞപ്പോൾ, പകുതി കളിയായി ആരോടോ ചോദിച്ചു, മൂന്നാമത്തെ bell അടിച്ചോ എന്ന്. .അതാണല്ലോ കലാകാലങ്ങളയുള്ള നാടകത്തിന്റെ ഒരിത് 😉
കോപ്പിലെ ആമുഖം മാറ്റു, matter ക്ക് വാടാ എന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്? 😁ഓഡിറ്റോറിയം ഇരുളായി, കർട്ടൻ മറ നീക്കി. ആദ്യത്തെ visual കൾ തന്നെ ആകർഷിച്ചു. .ശരി, matter ക്ക് വരാം. ..
സമൂഹത്തിൽ ചർച്ചാ വിഷയമായി നിൽക്കുന്ന, കാലോചിതമായ ഒരു കഥാ ബിന്ദു. ഒരു സാധാരണ കഥയെ വിട്ടുപോകലും പൂരിപ്പിക്കലും ഏച്ചുകെട്ടലും ഇല്ലാതെ ആദ്യം മുതൽ അവസാനം വരെ കോർത്തിണക്കിയ ശക്തമായ തിരക്കഥ. തിരക്കഥയുടെ സത്ത ചോരാതെ അരങ്ങത്തെത്തിച്ച സംവിധാനം, ഒരു നാടകത്തെ ഒറ്റക്ക് കൊണ്ട് പോകാൻ കഴിവുള്ള ശിവൻ പിള്ള എന്ന കഥാപാത്രം അവതരിപ്പിച്ച നടൻ, …….ആദ്യമേ പറഞ്ഞു വെക്കാൻ ഞാൻ താൽപ്പര്യം കാണിക്കുന്ന സംഗ്രഹം ആണിതെല്ലാം. ..നിറഞ്ഞ സദസ്സ് Fine Arts Malayalam club എന്താണെന്നു എനിക്ക് souvenir വായിക്കുന്നതിനു മുമ്പ് തന്നെ മനസ്സിലാക്കി തന്നു.
ഏതാണ്ട് രണ്ടര മണിക്കൂർ മാധവൻ സാറിന്റെ കൂടെയുള്ള ഒരു യാത്ര. ആരും മോശമാക്കിയില്ല. ബന്ധങ്ങൾക്ക് ഒരു മൂല്യവും കൊടുക്കാത്ത മൂത്ത മകൻ, സ്വന്തം ആവശ്യങ്ങൾക്ക് മാത്രം അച്ഛനെ കാണാൻ എത്തുന്ന മകൾ, ബന്ധനസ്തനാണെങ്കിലും അച്ഛനോട് കുറച്ചൊക്കെ കരുണയുള്ള ഇളയ മകൻ, എല്ലാവരെയും ഭരിക്കാൻ ത്രാണി നേടിയ മരുമകൾ (വളരെ നന്നായി ചെയ്തു ), മുത്തശ്ശനോട് ആത്മാർഥമായ സ്നേഹം ഉള്ള കൊച്ചുമകൻ, മാധവൻ സാറിനെ കൂട്ടി കൊണ്ട് പോകാൻ വന്ന ഭാര്യ,. ഇങ്ങനെ എല്ലാവരെയും വളരെ എളുപ്പത്തിൽ ഓർത്തെടുക്കാൻ പറ്റുന്നത് അവർ ആ കാഥാപാത്രങ്ങളെ മനസ്സിൽ പ്രതിഷ്ടിച്ചു തന്നെയാണ് പോയത് എന്നതിന് തെളിവ്. .ആ കുഞ്ഞിന്റെ എൻട്രി യുടെ ടൈമിങ്ങും വളരെ നന്നായി.
മറ്റു ജോലികളുടെ ഇടയിൽ നിന്നും സമയം കണ്ടെത്തി ഇത്രയും ദൈർഖ്യമേറിയ നാടകം, ഇത്രയും സംഭാഷണങ്ങൾ പഠിച്ചു അവതരിപ്പിക്കുക എന്നത് ഒരിക്കലും എളുപ്പമല്ല എന്നറിയാം. എവിടെയോ ആരൊക്കെയോ ഒന്ന് മുറിഞ്ഞു പോയപ്പോൾ ഉള്ളിൽ പേടിയായിരുന്നു, അറച്ചു പോകരുതേ, മറന്നു പോകരുതേ എന്ന്. ഞാൻ പറഞ്ഞില്ലെങ്കിലും ആ കാര്യം നിങ്ങൾ ഇനി ശ്രദ്ധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ശബ്ദം, വെളിച്ചം, ഇതിനൊക്കെ എന്റെ ഫുൾ മാർക്ക് ആണ്.
നാടകത്തിനുള്ളിലെ ഗാനരംഗങ്ങൾ ഗംഭീരമായിരുന്നു. മക്കൾ ഒക്കെ കൈ വിടുമ്പോഴും അഭ്യസ്ത വിദ്യരായ കൊച്ചുമക്കൾ അപ്പൂപ്പൻ മാരോട് സ്നേഹവും ദയാലുവുമാകുന്നത് ഒരു പാട് പ്രതീക്ഷകൾ നൽകുന്നു. അത് സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണെന്ന് കരുതട്ടെ.
നിങ്ങളുടെ നാടകം ഒരു വിജയമാണോ? ഇതാണ് ഉത്തരം – ഇടവേളക്ക് ശേഷം സദസ്സ് നിശ്ശബ്ദം ആയിരുന്നു. എന്താണ് അടുത്തത് എന്നറിയാൻ ശ്വാസം അടക്കി പിടിച്ചുള്ള ഇരിപ്പ്, പല രംഗംങ്ങൾക്കും കിട്ടിയ കൈയടികൾ, ,,ഇങ്ങനെ ഇങ്ങനെ. ..ഇതിനെല്ലാം അപ്പുറം കാണികളുടെ ഓരോരുത്തരുടെയും മനസ്സിലൂടെയും ആരൊക്കെയോ കടന്നു പോയി എന്ന് എനിക്ക് നിസ്സംശയം പറയാം. ചിലപ്പോൾ സ്വന്തം അച്ഛൻ അമ്മമാർ ആകാം, അമ്മാവൻമാർ ആകാം, മറ്റു കുടുംബ, സുഹൃത്ത് വീടുകൾ ആകാം. .എന്നിലും തെളിഞ്ഞു പല വീടുകളും. ..
നാടകം മരിച്ചിട്ടില്ല. കേരളത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് കൊണ്ട് വന്നതിൽ നാടകത്തിനുള്ള പങ്ക് എത്ര വലുതാണെന്നു നമുക്കെല്ലാം അറിയാം. ഇപ്പോഴും സാമൂഹ്യ പരിഷ്കാരണത്തിന് നാടകം ഒരു ഉപാധി തന്നെ എന്ന് Fine Arts തെളിയിച്ചു.
എന്തിനാണെന്നറിയില്ല, നാടകം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അച്ഛനെയും അമ്മയെയും ഫോണിൽ വിളിച്ചു. ഈ സമയത്ത് സാധാരണ വിളിക്കാത്തത് ആണല്ലോ എന്നവർ ചോദിച്ചപ്പോൾ ചുമ്മാ എന്നൊരു മറുപടി പറഞ്ഞു കൊണ്ട് കുറച്ചു കുശലം പറഞ്ഞു. *ബോധിവൃക്ഷതണലിൽ* ഇരുന്നതിന്റെ ബോധം കൊണ്ടാവാം….
നന്ദി പ്രിയ ജോർജി,
ഷാജു കുന്നോത്ത്”
നാടകം കാണാൻ വന്ന ജേഴ്‌സി സിറ്റിയിൽ താമസിക്കുന്ന ഷാജു കുന്നോത്തിന്റെ അഭിപായമാണ് മുകളിൽ ചേർത്തിരിക്കുന്നത്. കോഴിക്കോട് നിന്നുള്ള ഷാജുവിന്റെ അമേരിക്കയിലെ താമസം 4 മാസമാകുന്നതേ ഉള്ളു. ഒരു ഇൻറ്റേണൽ ട്രാൻസ്ഫറിന്റെ ഭാഗമായി അമേരിക്കയിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.
ഇതുപോലുള്ള നിരവധി കമന്റുകൾ ഫൈൻ ആർട്സിന് കിട്ടിക്കൊണ്ടേയിരിക്കുന്നു. ജയശ്രീ പട്ടേൽ, ഷിബു വർഗീസ് ,സുർജിത് കിഴക്കയിൽ , റജി ജോസഫ് തുടങ്ങി അനേകം പേരുടെ – എല്ലാം നാടകത്തിലെ സുന്ദരമുഹൂർത്തങ്ങളെക്കുറിച്ച് മാത്രം.
നാടകത്തിലെ രംഗങ്ങളൊക്കെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്. പല രംഗങ്ങളും നമ്മെ ചിന്തിപ്പിക്കും , ചലിപ്പിക്കും, കണ്ണുകളെ ഈറനണിയിപ്പിക്കും. ഒപ്പം കരുണയും. യാചിക്കുന്ന – തകർന്ന ജീവിതങ്ങൾക്ക് നമ്മുടെ ഹൃദയങ്ങളെ ദ്രവീകരിക്കുവാനുള്ള ശക്തിയുമുണ്ട് . മനുഷ്യ ജീവിതങ്ങളുടെ ഹൃദയ സ്പർശിയായ കഥകളുമുണ്ടിതിൽ. മറ്റുള്ളവർക്ക് ബാധ്യതയുള്ളവരായി തീർന്നവരാണ് നാടകത്തിൽ പ്രത്യക്ഷപ്പെടുന്നതിൽ ഏറെയും. ഐശ്വര്യവും, സമ്പത്തും , സ്നേഹവും, സന്തോഷവും, സൗഖ്യവും, സുരക്ഷിതത്വവുമൊക്കെ ഉണ്ടെങ്കിലും അൽഷിമേഴ്‌സിന്റെ കയ്യിലകപ്പെട്ടാൽ പിന്നെ കാണുന്നത് മറ്റൊരു ലോകമാണ്. ചില കഥകൾ നിങ്ങളെ കരയിക്കും. ഒരു ഭാരിച്ച പ്രശ്നം എന്നതിലുപരി, കരഗതമായ അവസരം എന്ന് കണക്കാക്കി പ്രതികരിച്ചാൽ ഹാലൂസിനേഷനെപ്പോലും മാറ്റിനിർത്തുവാൻ സാധിക്കും. ഒരു സാധാരണ കാഴ്ച പോലും ചിലപ്പോൾ പേടിപ്പെടുത്തുന്ന രൂപങ്ങളായി അനുഭവപ്പെടാം.
വിജ്ഞാന ധന്യമായ ഒരു നാടകം. ആരെയും ആകർഷിക്കുകയും , വശീകരിക്കുകയും ചെയ്യുന്ന നാടകമായിത്തന്നെ എല്ലാവരും വിലയിരുത്തുന്നു. ഭൂമിയുടെ അതിരുകൾ മനുഷ്യമനസ്സിലെ വേലിക്കെട്ടുകൾ ആവരുത് എന്നയൊരു ഗുണപാഠം നൽകുന്ന നാടകം.
ലളിതവും ഋജുവുമായ അവതരണരീതി. ആഡിയൻസിനെ മുഷിപ്പിക്കുകയേ ഇല്ല. ഹാസ്യകഥാപാത്രമായ ശിവൻ പിള്ള തന്നെ ഉദാഹരണം.
അനുഭവങ്ങളുടെ ചിമിഴുകൾ തുറന്ന് മുത്തുകൾ പാകാനും, അറിവിന്റെ ഭാണ്ഡങ്ങളിൽ നിന്ന് പവിഴം വിതറാനും നാടകത്തിന് കഴിഞ്ഞു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല .
കൂടാതെ, അവിശ്വസനീയമെന്ന് തോന്നാമെങ്കിലും കണ്ണ് തുറപ്പിക്കുന്ന ‘മറ്റ് ‘ ചില വർത്തമാന യാഥാർഥ്യങ്ങളും ഉള്ളടങ്ങിയിരിക്കുന്ന ഒരു നാടകമാണ് ”ബോധിവൃക്ഷത്തണലിൽ”. വ്യക്തമായി നിർവചിക്കപ്പെട്ട ഒരു സന്ദർഭത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് എഴുതിയിട്ടുള്ളതാണ് ജി കെ ദാസിന്റെ രചന. വിഷയത്തിൽ പ്രതിപാദിക്കുന്ന സംഭവങ്ങൾ സുന്ദരവും ഔചിത്യമുള്ളവയുമാണ്. ഈ നാടകത്തെ നാനാതുറയിലുള്ളവരുടെ ഉൾകാഴ്ചയുടെയും അനുഭവങ്ങളുടെയും വിശദമായ കുറിപ്പാക്കി മാറ്റുവാനും ദാസിന് സാധിച്ചിട്ടുണ്ട് . മനുഷ്യ ജീവിതത്തിൽ വേരുറച്ചതാണ് നാടകത്തിലെ ഓരോ സീനും. ജീവിത യാഥാർഥ്യങ്ങളിൽ കുതിർത്തതാണ് സീനുകളിലെ ഓരോ ഖണ്ഡവും. ഉൾക്കാഴ്ച്ചയുടെ മൂർച്ചകൊണ്ടും പ്രയോഗ വൈഭവത്തിന്റെ ലാളിത്യം കൊണ്ടും സംവിധായകന്റെ കണ്ണ് ചെല്ലാത്ത രംഗങ്ങളില്ല എന്ന് പറയുന്നതാവും ശരി. ജീവിതാനുഭവങ്ങളുടെയും ഉദാഹരണസഹിതമുള്ള സംഭാഷണ ശൈലിയുടെയും രത്നങ്ങൾ പതിപ്പിച്ചതാണ് ഈ നാടകം.
പിരിമുറുക്കത്തിന്റെ വ്യാകുലതകൾ, വാർദ്ധക്യത്തിന്റെയും രോഗത്തിന്റെയും വെല്ലുവിളികളും സാധ്യതകളും എന്നാൽ നർമരസത്തോടെയും വിവേകത്തോടെയുമുള്ള സംഭാഷണശൈലി എന്നിവയൊക്കെ നാടകത്തെ മുന്നോട്ട് നയിക്കുകതന്നെയാണ് ചെയ്യുന്നത്.
അൽഷൈമേഴ്‌സ് രോഗാവസ്ഥയിൽ ആയിരിക്കുന്ന പിതാവ്, പിതാവിന്റെ സ്വത്തിനായി ദാഹിക്കുന്ന മക്കൾ, പിതാവിന്റെ സന്തത സഹചാരിയായ ശിപായി. എല്ലാവരും കൂടി കാട്ടിക്കൂട്ടുന്ന ശബ്ദ കോലാഹലങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ഒരു മനുഷ്യനും കുറെ മനുഷ്യരും. മനുഷ്യബന്ധങ്ങളിലെ കുറ്റവും കുറവുകളും എടുത്തുകാട്ടുന്ന ഒരു കുടുംബ, സാമൂഹ്യ, സംഗീതനാടകം അതായിരുന്നു ”ബോധിവൃക്ഷത്തണലിൽ”.
ശിവൻപിള്ള ഡോ .ഗിരിയോട് പറയുന്ന ഒരു രംഗമുണ്ട്, ”ശ്രീബുദ്ധൻ ബോധോദയം നേടിയത് ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നാണ്. ഗിരികുഞ്ഞെ, ഇതൊരു ബോധിവൃക്ഷമാണ് . (മാധവൻ സാറിനെ ചൂണ്ടി) ഈ ബോധിവൃക്ഷത്തണലിൽ ഇരുന്ന് ബോധോദയം നേടിയവൻ ആണ് നീ. എവിടെ പോയാലും അതിന്റെ അനുഗ്രഹം നിനക്ക് ഉണ്ടാകും. ഒരു യാത്ര പോകുന്ന സമയത്ത് കുഞ്ഞ് വിഷമിക്കേണ്ട…”. നാടകത്തിന്റെ കാതൽ ആണീ ഡയലോഗ് . ഫൈനൽ രംഗത്തിൽ-
”തലമുറകൾക്ക് താങ്ങും തണലുമാകാൻ ബോധിവൃക്ഷത്തണലിൽ നിന്നും ബോധോദയത്തിന്റെ ബോധനിലാവ് നമ്മിൽ ഉയരട്ടെ” എന്ന അനൗൺസ്‌മെന്റ് വന്നതോടെ സാർത്ഥകമായി തീർന്ന കഥാനായകന്റെ ഉൾത്തുടിപ്പുകൾ ഹൃദയവേദനയോടെയാണ് കാണികൾ ഏറ്റത് .
നവംബർ 2 ശനിയാഴ്ച എല്ലാ വഴികളും ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മിഡിൽ സ്കൂളിലേക്കായിരുന്നു. 5 മണിയോടെ ആഡിറ്റോറിയം നിറഞ്ഞൊഴുകി. പറഞ്ഞ സമയത്ത് തന്നെ – 5.30ന് – എം സിയെത്തി. നടക്കാൻ പോകുന്ന കാര്യങ്ങളെപ്പറ്റിപറഞ്ഞു. ആദ്യം കോറിയോഗ്രാഫർ ബിന്ധ്യ ശബരിനാഥന്റെ ലീഡർഷിപ്പിലുള്ള ഡാൻസ്. സ്കൂളിലെ ആർട്ടിസ്റ്റുകളുടെ ബോളിവുഡ് നൃത്തമായിരുന്നു. തുടർന്ന് മുഖ്യാതിഥി പ്രശസ്ത അറ്റേർണി ജയശ്രീ പട്ടേൽ ഉദ്‌ഘാടനം നടത്തി. പിന്നീട് ഗായിക ലൂസി കുര്യാക്കോസിന്റെ ഗാനാലാപനം.
നാടകം തുടങ്ങി. സ്റ്റേജിൽ നിന്നുള്ള ശബ്ദങ്ങൾ മാത്രം. കാണികൾ നിശബ്ദം. ഇന്റർവെല്ലിന് മണി മുഴങ്ങുംവരെ കയ്യടികളും നർമ രസപ്രദങ്ങളായ രംഗങ്ങൾ വരുമ്പോഴുണ്ടാകുന്ന ചിരിയും മാത്രം. ഇന്റർവെല്ലിന് കാപ്പിയും പലഹാരങ്ങളും റെഡി. ഇന്റർവെല്ലിന് ശേഷം ഏറ്റവും ഉദാത്തമായ രംഗങ്ങൾ. ഉന്നതമായ ജീവിതദർശനങ്ങളിലേക്ക് സമൂഹത്തെ നയിക്കാൻ പര്യാപ്തമായ നാടകീയരംഗങ്ങളും, ശബ്ദവിന്യാസങ്ങളും, ലൈറ്റിംഗുകളും.
നാടകശേഷം കർട്ടൻ കോളിൽ – ആദ്യപകുതി ആർട്ടിസ്റ്റുകളെ പരിചയപ്പെടുത്തുന്ന പരിപാടി. മുഖ്യാതിഥി ജയശ്രീ പട്ടേൽ, പേട്രൺ പി ടി ചാക്കോ (മലേഷ്യ), പ്രസിഡന്റ് ജോൺ (ക്രിസ്റ്റി) സഖറിയ എന്നിവരെ ചെയർമാൻ ജോർജ് തുമ്പയിൽ വേദിയിലേക്ക് ക്ഷണിച്ചു.
മെലോഡ്രാമയ്ക്ക് പ്രാധാന്യം നൽകിയ ഫൈൻ ആർട്സിലെ മികച്ച നടന്മാരിൽ ഒരാളായ, സണ്ണി റാന്നിയെ അനുമോദിച്ചു. മികച്ച കൈയടക്കത്തോടെയും, പിരിമുറുക്കമേറിയ കഥാസാഹചര്യത്തെ സരസമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന റോയി മാത്യുവിനും, ‘അക്കരക്കാഴ്ചകളി’ലൂടെ ലോകമലയാളിക്ക് പ്രിയങ്കരിയായ സജിനി സഖറിയായ്ക്കും , ഫൈൻ ആർട്സിന്റെ നെടുംതൂണായ, സ്വഭാവ നടന്മാരിൽ പ്രധാനിയായ ഷിബു ഫിലിപ്പിനും, ഫൈൻ ആർട്സിലെ ശക്തരായ നടിമാരിൽ ഒരാളും , ശ്രീപ്രിയ എന്ന തന്റേടിയായ റോളിൽ ഭർത്താവിനെ വരച്ചവരയിൽ നിർത്തുന്ന ആളുമായ, നാടക പ്രൊഡ്യൂസർ കൂടിയായ ഷൈനി ഏബ്രഹാം , കൊച്ച് കൊച്ച് കഥാപാത്രങ്ങളിൽ കൂടി കടന്നുവന്ന്, അച്ഛനോട് അനാദരം കാട്ടുന്ന, ധിക്കാരിയായ മകന്റെ റോൾ എടുത്ത റിജോ എരുമേലി, ഫൈൻ ആർട്സ് പ്രൊഡക്ഷൻസിലെ യുവത്വത്തിന്റെ പ്രതിനിധിയായ ജോർജി സാമുവൽ, ഫൈൻ ആർട്സിലെ ശക്തമായ മറ്റൊരു കഥാപാത്രം ജോർജ് മുണ്ടൻചിറ , ഗണ്യമായ സംഭാവനകൾ നൽകുന്ന മറ്റൊരു കഥാപാത്രം സന്തോഷ്, രുക്കു എന്ന നഷ്ടപ്പെട്ടുപോയ ഭാര്യയെ ഓർക്കുകയും ആത്മഗതങ്ങളിൽ രുക്കുവിനെ കാണുകയും ചെയ്യുന്ന മാധവൻ സാറിന്റേത് മാത്രമായ ജോസ്ലിൻ മാത്യു , ജോയൽ ജോർജി , റൂബി ജോർജ് , ബേബി ബ്രാണ്ടൻ പട്ടേൽ, ബേബി സവാന തോമസ് എന്നിവരെയും അനുമോദിച്ചു.
അണിയറയിലെ പ്രവർത്തനങ്ങൾക്കും , ഫ്രണ്ട് ഓഫീസ് പ്രവർത്തനങ്ങൾക്കും സുവനീർ എഡിറ്ററുമായ എഡിസൺ എബ്രഹാം , പ്രകാശ സംവിധാനത്തിലെ മികച്ച പ്രകടനങ്ങൾക്കൊപ്പം, നാടകത്തിലെ ലൈറ്റിംഗുകൾക്കുള്ള പ്രാധാന്യം മനസിലാക്കി, കലാസപര്യയുടെ നിറച്ചാർത്ത് ഒരുക്കിയ ജിജി എബ്രഹാം, ഒരു നാടകത്തിന്റെ വിജയഘടകങ്ങളിൽ ഒന്നായ വൈകാരിക മുഹൂർത്തങ്ങളിൽ കൃത്യമായ സമയത്ത് കൃത്യമായ പശ്ചാത്തല സംഗീതം നൽകുകയെന്ന കൃത്യം നിർവഹിച്ച റീന മാത്യു, സ്റ്റേജിലെ വിജയശില്പി, ഏറ്റെടുക്കുന്നതെന്തും നൂറു ശതമാനം വിജയം ഉറപ്പാക്കുന്ന ചാക്കോ റ്റി. ജോൺ (അനിയൻ – ഫ്‌ളോറിഡയിൽ നിന്നെത്തി), വീഡിയോ വോളിന്റെ ശില്പി , നിരവധി നാടകങ്ങളിലൂടെ ഫൈൻ ആർട്സിനെ അനുഗ്രഹിച്ച റ്റീനോ തോമസ് , മുൻപുള്ള പല നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ളതും മേക്കപ്പ് ആർട്ടിസ്റ്റായി ഈ നാടകത്തിൽ പ്രവർത്തിച്ചിട്ടുള്ളവരുമായ സണ്ണി കല്ലൂപ്പാറയും ,കുഞ്ഞുമോൻ വാളക്കുഴിയും, ഫോട്ടോഗ്രാഫർ ആയി സ്റ്റീവൻ എബ്രഹാമും, വീഡിയോ എഡിറ്റിങ്ങിൽ ശ്രദ്ധേയമായ റയൻ തോമസും, സ്റ്റേജ് അറേഞ്ച്മെന്റിൽ സഹായിച്ച ഷീജ മാത്യൂസ് , ജിനു പ്രമോദ് , പ്രമോദ് വറുഗീസ്, നാടകം അമേരിക്കയിൽ എത്തുന്നതിന് സഹായിച്ച ജോസ് കാഞ്ഞിരപ്പള്ളി എന്നിവരെയും അനുമോദിച്ചു.
ജോൺ (ക്രിസ്റ്റി) സഖറിയ , പി ടി ചാക്കോ (മലേഷ്യ) എന്നിവർ സംസാരിച്ചു.
കർട്ടൻ കോളിൽ രണ്ടാം പകുതി അതുവരെയും സർപ്രൈസ് ആയിരുന്ന സംവിധായകനെ ആദരിക്കുന്ന ചടങ്ങ് ആയിരുന്നു. അതിനായി ഭാര്യ റെനി, മക്കളായ റയൻ , റിയ, റെയ്‌ന എന്നിവരെയും ടീനെക്ക് സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവക വികാരി റവ . റ്റി എസ് ജോണിനെയും സ്റ്റേജിലേക്ക് ക്ഷണിച്ചു.
ഫൈൻ ആർട്സിലെ നിരവധി കലാരൂപങ്ങൾക്ക് ഊടും പാവും നൽകി, 2001 മുതൽ നിരവധി പ്രാവശ്യം സംവിധായകന്റെ കുപ്പായം അണിഞ്ഞ റെഞ്ചി കൊച്ചുമ്മനെ ആദരിച്ചു. 1980 കളിൽ കേരളാ യൂണിവേഴ്‌സിറ്റി , സ്കൂൾ യുവജനോത്സവം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് , തെരുവ് നാടകങ്ങൾ എന്നിവയിലൊക്കെ പങ്കെടുത്ത് പല തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുകയും , അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ഇപ്പോൾ ന്യൂ യോർക്ക് സ്റ്റേറ്റ് സിറ്റി ട്രാൻസിറ്റിൽ ഇലക്ട്രോണിക്സ് എൻജിനീയറായി ജോലി ചെയ്യുന്നു. ഓതറ സ്വദേശി. റെഞ്ചിക്കുള്ള ഫൈൻ ആർട്സിന്റെ മൊമന്റോ മുഖ്യാതിഥി ജയശ്രീ പട്ടേൽ, പേട്രൺ പി ടി ചാക്കോ (മലേഷ്യ) എന്നിവർ ചേർന്ന് നൽകി. മൊമന്റോ സമർപ്പിച്ചത് തോമസ് തോമസ് (ഡെയ്‌സീസ് ട്രോഫി വേൾഡ് ആയിരുന്നു ).
പൊന്നാട സമർപ്പിച്ചത് പ്രസിഡണ്ട് ജോൺ (ക്രിസ്റ്റി) സഖറിയ, റവ .ടി എസ് ജോൺ –എന്നിവർ ആയിരുന്നു.
2025 ൽ രണ്ട് ഡാൻസ് ഡ്രാമകൾ പി ടി ചാക്കോ(മലേഷ്യ)യുടേതായി രംഗത്ത് വരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ”ആദം- അബ്രഹാം തലമുറകൾ ” “ചങ്ങലമരം” എന്നിവയാണവ. ”ആദം മുതൽ നോഹ, അബ്രഹാം തുടങ്ങി യേശുക്രിസ്തുവിന്റെ ”ഭൂലോകം എങ്ങും പോയി സുവിശേഷം അറിയിപ്പീൻ ” ആഹ്വാനം വരെ. മൂന്ന് മണിക്കൂർ ദൈർഘ്യത്തിൽ ബൈബിൾ സ്റ്റോറി.
താമരശേരി ചുരത്തിനെയും അതിന് കാരണക്കാരനായ കരിന്തണ്ടനെയും ആസ്പദമാക്കിയ ഒരു ഡാൻസ് ഡ്രാമ.
ന്യൂ ജനറേഷൻ കഥകളും പുതിയ സംസ്കാരവും അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തിൽ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന കഥ-അതായിരുന്നു ”ബോധിവൃക്ഷത്തണലിൽ”. 24 വർഷങ്ങളിലായി 67 -മത്തെ കലാരൂപം- അതൊരു നാടകരൂപത്തിൽ – ഒട്ടനവധി കലാകാരന്മാരെയും കലാകാരികളെയും കൈ പിടിച്ചുയർത്താനായി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനായി. സംഘാടകർക്ക് 7 ലക്ഷത്തിലധികം ഡോളർ നേടിക്കൊടുക്കാനുമായി. പി ടി ചാക്കോ (മലേഷ്യ)യുടെ ദീർഘ വീക്ഷണത്തിന്റെയും അച്ചടക്ക മനോഭാവത്തിന്റെയും , അർപ്പണത്തിന്റെയും ഫലമാണ് ഫൈൻ ആർട്സ് മലയാളം.
രംഗപടത്തിനായി ഒട്ടനവധി പണം ചെലവഴിക്കുന്ന ഫൈൻ ആർട്സിന്റെ ഏറ്റവും പുതിയ സംരംഭമാണ് റ്റീനോ തോമസ് സംവിധാനം ചെയ്തിറക്കുന്ന വീഡിയോ വോൾ. പുതിയ സാങ്കേതിക വിദ്യകൾക്കൊപ്പമാണ് ഫൈൻ ആർട്സ് എന്ന് നിസംശയം പറയാവുന്ന ഒരു നൂതന വിദ്യയാണ് വീഡിയോ വോളിലൂടെ ഇത്തവണ പുറത്തിറക്കിയത്. ടൈറ്റിലും ഗാന രംഗങ്ങളും ഒക്കെ – പ്രത്യേകിച്ച് ഇത്തവണ പി ടി ചാക്കോ (മലേഷ്യ)യുടേതായി വന്ന ഗാനരംഗങ്ങൾ (തളിരണിയാനൊരു കാലം എന്ന് തുടങ്ങുന്നത്) -ഗംഭീരമായതിന്റെ ക്രെഡിറ്റ് റ്റീനോ തോമസിന് സ്വന്തം.
ഉന്നതമായ ജീവിത ദർശനങ്ങളിലേക്ക് സമൂഹത്തെ നയിക്കുവാൻ ഇത്തരത്തിലുള്ള നാടകങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കാം. നാടക കൃത്ത് ജെ കെ ദാസിന്റെ ഉൾക്കാഴ്ചകൾ ചിത്രശലഭത്തിന്റെ വർണപ്പകിട്ടോടെ ആഡിയൻസിന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യട്ടെ.
നാടക വിവരങ്ങൾക്ക് :
ജോൺ (ക്രിസ്റ്റി) സഖറിയ (908) 883 -1129
എഡിസൺ എബ്രഹാം (862) 485 -0160
റോയി മാത്യു (201) 214 -2841
റെഞ്ചി കൊച്ചുമ്മൻ (201) 926-7070
– ജോർജ് തുമ്പയിൽ