ഹെയ്തിയില്‍ ലാന്‍ഡിംഗ് സമയത്ത് സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തിന് വെടിയേറ്റു; ഫ്‌ളൈറ്റുകള്‍ താല്‍ക്കാലികമായി നിർത്തി.
വാഷിംഗ്ടണ്‍: ഫ്‌ളോറിഡയില്‍ നിന്ന് ഹെയ്തിയിലെ പോര്‍ട്ട്-ഓ-പ്രിന്‍സിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് 951 വിമാനം തിങ്കളാഴ്ച ലാന്‍ഡിംഗ് നടത്തുന്നതിനിടെ വെടിയേറ്റു. ഈ ആക്രമണത്തിൽ ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റിന് നിസാര പരുക്കേറ്റു. വിമാനത്തിലെ മറ്റ് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
സ്‌പിരിറ്റ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് 951 വിമാനം സമീപ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സുരക്ഷിതമായി ഇറക്കി. ലാന്‍ഡിംഗിന് ശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിന് വെടിയേറ്റതായി കണ്ടെത്തിയതോടെ, ഹെയ്തിയിലേക്കുള്ള എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ചയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഹെയ്തിയിലേക്കുള്ള സര്‍വീസുകള്‍ വ്യാഴാഴ്ച വരെ നിര്‍ത്തിവയ്ക്കുമെന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സും അറിയിച്ചു.
അതേസമയം, ഹെയ്തിയിലെ ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രിയെ ട്രാൻസിഷണൽ കൗൺസിൽ പുറത്താക്കിയതോടെ രാജ്യത്ത് കലാപവും അക്രമങ്ങളും വ്യാപകമാകുകയും, വിവിധ മേഖലയിലായുള്ള സംഘട്ടനങ്ങളും സ്‌കൂളുകള്‍ അടച്ചുപൂട്ടാനും കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.