GulfLifeStyleNews

പ്രവാസി വെൽഫെയര്‍ സർവീസ് കാർണിവൽ നവംബര്‍ 29 ന്‌.

ഖത്തറിന്റെ പ്രവാസ ഭൂമിയകയിൽ ജനസേവനത്തിന്റെയും കലാ-സാംസ്കാരിക-കായിക  ഇടപെടലുകളുടെയും ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി  വിവിധങ്ങളായ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുള്ള ‘സർവീസ് കാർണിവൽ’ സംഘടിപ്പിക്കും. നവംബര്‍ 29 വെള്ളിയാഴ്ച വക്‌റ ബര്‍വ്വ വിലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ കാമ്പസിലാണ്‌ പരിപാടി. സാമ്പത്തികം, നിക്ഷേപം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം ഇങ്ങനെ ഒരു വ്യക്തിയുടെ പ്രവാസം സഫലമാക്കാനുള്ള  സർവ്വ മേഖലകളും സർവീസ് കാർണ്ണിവലിൽ ചർച്ചചെയ്യപ്പെടും. സര്‍ക്കാര്‍ സര്‍ക്കാരിതര സേവന സംബന്ധിയായ സ്ഥാപനങ്ങളുടെ പവലിയനുകള്‍ കര്‍ണിവലില്‍ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കും.

വിവിധ സംഘടനാ, അലൂമ്‌നി, പ്രദേശിക കൂട്ടായ്മ തുടങ്ങിയവയുടെ നേതൃത്വം വഹിക്കുന്നവര്‍ക്ക് സാമ്പത്തിക അച്ചടക്കത്തെയും നിക്ഷേപ സാദ്ധ്യതകളെയും കുറിച്ച് ശില്പശാല സംഘടിപ്പിക്കും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന പ്രത്യേക സെഷനില്‍ കോഴ്സുകളും വിദ്യാഭ്യാസ രംഗത്തെ പുതിയ  അഭിരുചികളും ഇന്ത്യയിലെയും വിദേശത്തെയും പഠന സാദ്ധ്യതകളും ചര്‍ച്ച ചെയ്യപ്പെടും.  സ്ത്രീകള്‍ക്കായി തുടര്‍ വിദ്യാഭ്യാസ പദ്ധതികളെ പറ്റി പ്രത്യേക സെഷന്‍ സംഘടിപ്പിക്കും. തൊഴിലന്വേഷകര്‍ക്കായി സി.വി ക്ലിനിക്കുകളും മോക് ഇന്റര്‍വ്യൂ കൗണ്ടറും കരിയര്‍ കിയോസ്കുകളും ഉണ്ടാവും.

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്താനും അംഗത്വമെടുക്കാനും സൗകര്യമൊരുക്കും. തെറ്റായ ഭക്ഷണക്രമം മൂലവും മറ്റുമുണ്ടാകുന്ന ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണം. ജോലി സമ്മര്‍ദ്ധം, ഏകാന്തത തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ്, പ്രാഥമിക ആരോഗ്യ പരിശോധനകള്‍, ദൈനം ദിന ജീവിതത്തിലെ വ്യായാമമുറകള്‍, സൂംബ പരിശീലനം തുടങ്ങിയവയും കാര്‍ണിവലിന്റെ ഭാഗമായി ഒരുക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന കേമ്പ്, ആഭ്യന്തര മന്ത്രാലയത്തിന്റെതുള്‍പ്പടെയുള്ള വിവിധ പ്രദര്‍ശനങ്ങളും ശിങ്കാരിമേളം ഉള്‍പ്പടെയുള്ള വിവിധ കലാപരിപാടികളും ഉണ്ടാവും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ തനത് രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷണ സ്റ്റാളുകളും വീട്ടമ്മമാരുടെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടാവും.

പ്രവാസി വെല്‍ഫെയര്‍ നേതൃസംഗമത്തില്‍ സര്‍വീസ് കാര്‍ണിവലിന്റെ പ്രഖ്യാപനം  നിര്‍വ്വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ അനീസ് റഹ്മാന്‍, മജീദലി തുടങ്ങിയവര്‍ സംസാരിച്ചു.

ഖത്തറിലെ ഓരോ പ്രവാസിയുടെയും ജീവിതത്തിലെ ഒരു നാഴികക്കല്ലാവും സര്‍വീസ് കാര്‍ണിവല്‍. പരമ്പരാഗത ആഘോഷ രീതികളില്‍ നിന്ന് വ്യത്യസ്തമായി  പ്രവാസം സാർത്ഥകമാക്കാനുമുള്ള  വിവിധ വഴികൾ അറിയാനും പുതിയ ചിന്തകൾക്ക്‌ തുടക്കം കുറിക്കാനും ഈ കാർണ്ണിവൽ ഉപകരിക്കും. സാമ്പത്തിക വിദഗ്ദന്‍ നിഖില്‍ ഗോപാലകൃഷ്ണന്‍, പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ എന്‍ എം ഹുസൈന്‍, കരിയര്‍ വിദഗ്ദന്‍ സുലൈമാന്‍ ഊരകം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ നയിക്കുന്ന പഠന ക്ലാസുകളും പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സർവീസ് കൗണ്ടറുകളുമാണ് സർവീസ് കാർണിവലിന്റെ സവിശേഷതയെന്ന് ജനറല്‍ കണ്‍വീനര്‍ മജീദലി പറഞ്ഞു.

Show More

Related Articles

Back to top button