FeaturedKeralaNews

ആലപ്പുഴയിൽ ദൃശ്യം മാതൃകയിൽ കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ച് മൂടി

ആലപ്പുഴ: ആലപ്പുഴയെ നടുക്കിയ ദൃശ്യം മാതൃകയിലെ കൊലപാതകത്തിൽ 48 കാരി വിജയലക്ഷ്മി കൊല്ലപ്പെട്ട നിലയിൽ. യുവതിയെ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജയചന്ദ്രൻ കുഴിച്ച മൂടി, സ്ഥലത്ത് കോൺക്രീറ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ ജയചന്ദ്രനെ കസ്റ്റഡിയിലെടുത്തു.

വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. നവംബർ 7 രാത്രി ജയചന്ദ്രൻ പ്ലയറുപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് കരുതുന്നു. തുടർന്ന് അമ്പലപ്പുഴ കാരൂർ സ്വദേശിയായ പ്രതി, നിർമ്മാണത്തിലായിരുന്ന വീട്ടിൽ മൃതദേഹം കുഴിച്ചിട്ടതായാണ് കണ്ടെത്തിയത്.

വിജയലക്ഷ്മിയെ കാണാനില്ലെന്ന് കാണിച്ച് നവംബർ 13-നാണ് പരാതി ലഭിച്ചത്. പ്രതിയുടെ ഫോൺ ലൊക്കേഷൻ വിശദീകരണവും ദൃക്സാക്ഷി മൊഴിയുമാണ് പൊലീസിനെ ജയചന്ദ്രൻ വരെ എത്തിച്ചത്. എറണാകുളം മുതൽ കണ്ണൂർ വരെ കെ.എസ്.ആർ.ടി.സി ബസിൽ വിജയലക്ഷ്മിയുടെ ഫോൺ ഉപേക്ഷിച്ച പ്രതി, അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തിയതിന്റെ തെളിവ് പൊലീസിനുണ്ടായിരുന്നു.

താൻ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതായി ജയചന്ദ്രൻ സമ്മതിച്ചെങ്കിലും മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. “ദൃശ്യം സിനിമ പലതവണ കണ്ടിട്ടുണ്ട്,” ജയചന്ദ്രൻ മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

Show More

Related Articles

Back to top button