പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞചെയ്യും; വയനാട് ദുരന്തം ആദ്യം ഉന്നയിക്കുമെന്ന് കെ.സി. വേണുഗോപാല്‍

ന്യൂഡല്‍ഹി: വയനാട് നിയുക്ത എം.പി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. പാര്‍ലമെന്റില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം പ്രധാനം ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെയാണ് തുടക്കം. ഡിസംബര്‍ 20 വരെ നീളുന്ന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വകക്ഷി യോഗം ചേരും.
അതേസമയം, ഏതു ഭാഷയും എളുപ്പത്തില്‍ വഴങ്ങുന്ന പ്രിയങ്ക മലയാളം പഠിക്കാനുളള താത്പര്യം പ്രകടിപ്പിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. കന്നിയങ്കത്തിലെ വിജയത്തിന്റെ ആഘോഷത്തിനായും വയനാട്ടിലെ ജനങ്ങളെ നേരില്‍ കണ്ട് നന്ദി അറിയിക്കാനുമാണ് പ്രിയങ്ക ഗാന്ധി അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തിലെത്തുക.
വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ രണ്ടാമത്തെ മഹാഭൂരിപക്ഷത്തില്‍ ജയിച്ച പ്രിയങ്ക, വിജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാരെ എക്‌സിലൂടെയും നേരിട്ടും നന്ദി പറഞ്ഞു. ‘ഈ വിജയം വയനാട്ടിലെ എല്ലാവരുടേതാണ്; നല്‍കിയ സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദിയുണ്ട’ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച സഹോദരന്റെ അധ്വാനമാണ് ജയത്തിന്റെ അടിത്തറയെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.