Latest NewsNewsPolitics

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തുടക്കം; പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. യു.എസ്. കോടതിയിൽ അദാനിക്കെതിരേ കേസ്, മണിപ്പുരിലെ കലാപം, തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം സമ്മേളനം പ്രക്ഷുബ്ധമാക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്.

സമ്മേളനത്തിൽ 16 ബില്ലുകൾ അവതരിപ്പിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. വഖഫ് ഭേദഗതിബിൽ, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് തുടങ്ങിയ ബില്ലുകൾ പ്രധാനമാണ്. ഇന്ന് രാവിലെ 10-ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവർത്തകരുമായി സംസാരിക്കും.

വയനാട്ടിൽനിന്ന് ജയിച്ച പ്രിയങ്കാ ഗാന്ധി ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രിയങ്ക പാർലമെന്റിൽ ആദ്യമായി അവതരിപ്പിക്കുന്ന വിഷയം ഉരുൾപൊട്ടൽ അനുബന്ധമായിരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഡിസംബർ 20 വരെ നീളുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ഞായറാഴ്ച ചേർന്നിരുന്നു. അദാനി വിഷയത്തിൽ ചർച്ച നടത്തുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക ബിസിനസ് അഡ്വൈസറി കമ്മിറ്റിയാണെന്ന് രാജ്നാഥ് സിങ് പ്രതിപക്ഷത്തിന് മറുപടി നൽകി.

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നവംബർ 26-ന് രാഷ്ട്രപതി ദ്രൗപദി മുർമു പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഇരുസഭകളിലെയും എം.പിമാരെ അഭിസംബോധന ചെയ്യും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button