ഗോപിനാഥ് മുതുകാടിന്റെ ഭാരതയാത്ര – ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് നാളെ (ചൊവ്വ) ഡെല്‍ഹിയില്‍ സമാപനം
_പൂര്‍ത്തിയാക്കുന്നത് അഞ്ചാമത് ഭാരതയാത്ര_
ഡെല്‍ഹി: ഭിന്നശേഷി സമൂഹത്തിനായി സമൂഹം പാലിക്കേണ്ട കടമകളും കര്‍ത്തവ്യങ്ങളും പ്രചാരണ വിഷയമാക്കി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് രണ്ട് മാസക്കാലമായി നടത്തിയ ഭാരതയാത്ര നാളെ (ചൊവ്വ) ഡെല്‍ഹിയില്‍ സമാപിക്കും. ഭാരതത്തിന്റെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ അമ്പതോളം വേദികളില്‍ ഇന്ദ്രജാലാധിഷ്ടിതമായ ബോധവത്കരണ പരിപാടി അവതരിപ്പിച്ചശേഷമാണ് ലോക ഭിന്നശേഷി ദിനമായ നാളെ വൈകുന്നേരം 6ന് ഡെല്‍ഹി ഡോ.അംബേദ്കര്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രൗഡഗംഭീര സദസ്സിന് മുമ്പില്‍ ഇന്ത്യ യാത്രയ്ക്ക് സമാപനം കുറിക്കുന്നത്. ചടങ്ങില്‍ കേന്ദ്ര ഡി.ഇ.പി.ഡബ്ലിയു.ഡി വകുപ്പ് സെക്രട്ടറി രാജേഷ് അഗർവാൾ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ റിച്ച ഷങ്കർ, റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്, യു. എൻ റെസിഡന്റ് കോർഡിനേറ്റർ (ഇന്ത്യ) ഷോംബി ഷാർപ് തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ കലാപരിപാടികളും അരങ്ങേറും.
ഒരിന്ദ്രജാല കലാകാരന്‍ ഇതാദ്യമായാണ് 5 ഭാരതയാത്രകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. ഭാരതത്തിന്റെ വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെയും ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാര്‍ത്ഥവുമായി നടത്തിയ 4 ഭാരതയാത്രകള്‍ക്കുശേഷമാണ് 14 വര്‍ഷങ്ങള്‍ക്കുശേഷം ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാര്‍ക്കായി ഇന്‍ക്ലൂസീസ് ഇന്ത്യ എന്ന പേരില്‍ അഞ്ചാമത്തെ ഭാരതയാത്ര നടത്തിയത്. ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും റോഡ് മാര്‍ഗം സഞ്ചരിച്ച് നടത്തിയ യാത്രയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ആര്‍മി കേന്ദ്രങ്ങള്‍, ഐ.ഐ.ടികള്‍, സര്‍വകലാശാലകള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കീഴിലുള്ള ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ പരിപാടി അരങ്ങേറി. കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ സഹകരണത്തോടെയാണ് യാത്ര നടന്നത്.
ഭിന്നശേഷി മേഖലയ്ക്കായി സമൂഹം കൈക്കൊള്ളേണ്ട നിലപാടുകള്‍ ഇന്ദ്രജാലത്തിലൂടെ അവതരിപ്പിച്ചത് യുവജനങ്ങളടക്കം ഏറ്റെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക കൈമാറിയതോടെയാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ആമുഖപരിപാടി അവതരിപ്പിച്ച് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഇന്‍ക്ലൂസീവ് ഇന്ത്യ സഞ്ചരിച്ചു. മുതുകാടിനോടൊപ്പം ഭരതരാജന്‍, എ.കെ ബിജുരാജ്, പ്രജീഷ് പ്രേം, ബോബന്‍ ജോസ്, നൗഷാദ്, നാസര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘം 6ന് തിരിച്ചെത്തും.
വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാല ബോധവത്കരണ പരിപാടിയില്‍ ഭിന്നശേഷി മേഖലയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക, മറ്റുള്ളവരെ പോലെ അവര്‍ക്കും തുല്യനീതി ഉറപ്പാക്കുക, ഭിന്നശേഷിക്കാരോടുള്ള സമീപനത്തില്‍ പുരോഗമനപരമായ മാറ്റം കൊണ്ടുവരിക തുടങ്ങിയ നിരവധി ഘടകങ്ങളാണ് പ്രചാരണ വിഷയമാക്കിയത്.