‘പ്രസെന്‍സ് ഓഫ് ആബ്‌സെന്‍സ് ഇന്‍ മാന്‍ – ദി എലിഫന്റ് ഇന്‍ ദി റൂം – യുടേണ്‍ അല്ലാതെ വേറെ വഴിയില്ലെന്ന് പ്രഖ്യാപിക്കുന്ന കലാപ്രദര്‍ശനം ഇന്നു (ഡിസം 1) മുതല്‍ ദര്‍ബാര്‍ ഹാളില്‍
അനുരാധ നാലപ്പാട്, അനൂപ് കമ്മത്ത് എന്നിവര്‍ ക്യൂറേറ്റു ചെയ്യുന്ന പ്രദര്‍ശനം ചിത്രകാരന്‍ എന്‍ എന്‍ റിംസന്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി: പ്രശസ്ത കലാപ്രവര്‍ത്തകരായ അനുരാധ നാലപ്പാട്ടും അനൂപ് കമ്മത്തും ക്യുറേറ്റു ചെയ്യുന്ന വേറിട്ട കലാപ്രദര്‍ശനമായ ‘പ്രസെന്‍സ് ഓഫ് ആബ്‌സെന്‍സ് ഇന്‍ മാന്‍ – ദി എലിഫന്റ് ഇന്‍ ദി റൂം’ കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ ഇന്നു (ഡിസം 1) മുതല്‍ ഡിസംബര്‍ 10 വരെ നടക്കും. ഇന്നു വൈകീട്ട് 6ന് ചിത്രകാരന്‍ എന്‍ എന്‍ റിംസന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ എം അനില്‍ കുമാര്‍, പരിസ്ഥതി പ്രവര്‍ത്തകനും സൊസൈറ്റി ഫോര്‍ ദി പ്രീവെന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി എഗൈന്‍സ്റ്റ് അനിമല്‍സിന്റെ സെക്രട്ടറിയുമായ എം എന്‍ ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രദര്‍ശനത്തില്‍ നിന്നു സ്വരൂപിക്കുന്ന തുകയുടെ ഒരു ഭാഗം മൃഗക്ഷേമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വോക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനക്കു നല്‍കുമെന്ന് ക്യൂറേറ്റര്‍മാര്‍ പറഞ്ഞു.
ശ്രദ്ധേയരായ കലാപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സൃഷ്ടികള്‍ക്കൊപ്പം ഓട്ടിസ്റ്റിക്കും കാഴ്ച പരിമിതിയുള്ളവരുമായ സര്‍ഗധനരുടെ സൃഷ്ടികളും പ്രദര്ശനത്തിലുണ്ടാകും.
തങ്ങളില്‍ തന്നെയുള്ള അഭാവങ്ങളെ തടഞ്ഞു നിര്‍ത്താനും മനഃസാന്നിധ്യത്തെ ബോധപൂര്‍വം തിരഞ്ഞെടുക്കാനുമുള്ള ആഹ്വാനമാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ക്യൂറേറ്റര്‍മാര്‍ പറഞ്ഞു.
‘ആരും ചര്‍ച്ച ചെയ്യാനാഗ്രഹിക്കാത്ത പ്രശ്‌നം യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ തന്നെയാണ്. സംതൃപ്തി, സന്തോഷം തുടങ്ങിയവയുടെ അഭാവം ഉത്ക്കണ്ഠക്കും ഭയത്തിനും ആര്‍ത്തിക്കും വഴിയൊരുക്കുന്നു. ഇവയില്‍ നിന്നുണ്ടാകുന്ന ഒടുങ്ങാത്ത അസംപ്തൃതി മനുഷ്യനെ അങ്ങേയറ്റം അക്രമോല്‍സുവാക്കുന്നു. ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന കലാപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത് മനുഷ്യരുടെ ഉത്തരവാദിത്തവും ലക്ഷ്യബോധവും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനേക്കാള്‍ അവ കൃത്യസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയാണ് വേണ്ടതെന്നാണ്. മനുഷ്യന്റെയുള്ളിലെ അനുകമ്പയെ ശ്വാസം മുട്ടിച്ചില്ലാതാക്കുന്ന ഘടകങ്ങളെ അന്വേഷിച്ചു കണ്ടെത്താനുള്ള ശ്രമമാണ് ഈ കലാപ്രവര്‍ത്തകര്‍ നടത്തുന്നത്. അങ്ങനെ അവര്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായിമാറുന്നു – അനുരാധ നാലപ്പാട് പറഞ്ഞു.
സമകാലിക കലാരംഗത്തെ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഈ-സിന്‍ (e-magazine) ആയ മാറ്റേഴ്‌സ് ഓഫ് ആര്‍ട്ടിന്റെ സ്ഥാപകനാണ് അനൂപ് കമ്മത്ത്. ഫോട്ടോഗ്രാഫര്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റ്, എഡിറ്റോറിയല്‍ ഡിസൈനര്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയനയാ അദ്ദേഹം ഇന്ത്യയിലും വിദേശത്തും പ്രദര്‍ശനങ്ങള്‍ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്