ബന്ദികളെ മോചിപ്പിക്കാത്തപക്ഷം വലിയ പ്രത്യാഘാതം: ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്.
വാഷിംഗ്ടണ്‍: 2025 ജനുവരി 20ന് മുമ്പ് ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങള്‍ക്ക് തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റായി ചുമതലയേല്‍ക്കാനിരിക്കുന്ന ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ശക്തമായ സന്ദേശം പകര്‍ന്നത്. ബന്ദികളെ മോചിപ്പിക്കാനായില്ലെങ്കില്‍, മിഡില്‍ ഈസ്റ്റിലടക്കം ഉത്തരവാദികള്‍ക്കെതിരെ അമേരിക്ക ഇതുവരെ ചെയ്തതില്‍ ഏറ്റവും ശക്തമായ നടപടിയെടുക്കുമെന്നും, ദീര്‍ഘകാല പാഠമായ പ്രഹരമുണ്ടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഹമാസിന്റെ മാരകമായ ആക്രമണത്തിന് ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കുമെന്ന് ട്രംപ് ഉറപ്പു നല്‍കി. ബൈഡന്റെ കാര്യത്തില്‍ ഇടയ്ക്കിടെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍നിന്ന് താന്‍ വിട്ടുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബര്‍ 7നാണ് ഹമാസ് ഇസ്രയേലിനെതിരായ ആക്രമണം നടത്തിയത്, 1,208 പേര്‍ കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. ഇതിന് പ്രതികാരമായാണ് ഇസ്രയേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചത്. 14 മാസമായി ഹമാസ് പിടിച്ചിട്ടുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ബൈഡന്‍റെ ഭരണകൂടം പരാജയപ്പെട്ടതായി ട്രംപ് പരോക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.