ഗൈനക്കോളജിക്-ഓങ്കോളജിസ്റ്റ്സ് സമ്മേളനം ആരംഭിച്ചു
കൊച്ചി: അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ (AGOICON) 31-ാമത് വാർഷിക സമ്മേളനം കൊച്ചിയിൽ ആരംഭിച്ചു. “ഒരുമിച്ച് നാളെയിലേക്ക്” എന്ന പ്രമേയവുമായി കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന സമ്മേളനം ഡിസംബർ 6ന് സർജൻ വൈസ് അഡ്മിറൽ ഡോ. അനുപം കപൂർ ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജി സോഫി തോമസ് വിശിഷ്ടാതിഥിയായി.
“ക്യാൻസർ വരാതിരിക്കാനുള്ള പ്രിവന്റീവ് കെയർ എല്ലാവർക്കും ലഭിക്കുക എന്നത് പ്രധാനമാണ്”, ഡോ. അനുപം കപൂർ പറഞ്ഞു. “അതുപോലെ അസുഖമുണ്ടാകുന്നതിലേക്ക് നയിക്കുന്ന പൊണ്ണത്തടി, പല ഇൻഫെക്ഷനുകൾ പോലെയുള്ള അവസ്ഥകൾ ആദ്യമേ ശ്രദ്ധ നൽകി മാറ്റിയെടുത്താൽ ഒരു പരിധി വരെ അസുഖമുണ്ടകാനുള്ള സാധ്യത കുറയും. സെർവിക്കൽ ക്യാൻസർ ചികിത്സയിൽ വാക്സീൻ വന്നതിൽ പിന്നെ മികച്ച മുന്നേറ്റമാണുള്ളത്. കേസുകളുടെ എണ്ണത്തിൽ വളരെയധികം കുറവുണ്ട്. സെർവിക്കൽ ക്യാൻസർ വാക്സീൻ ചെലവുകുറഞ്ഞ രീതിയിൽ രാജ്യത്തിനുള്ളിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞാൽ ചികിത്സയിലെ അന്തരം ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും”, അദ്ദേഹം കൂട്ടിച്ചേർത്തു.
വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള, എജിഒഐ പ്രസിഡന്റ് ഡോ. രൂപീന്ദർ സെഖോൺ, എജിഒഐ സെക്രട്ടറി ഡോ. ഭാഗ്യലക്ഷ്മി നായക്, മുൻ പ്രസിഡന്റ് ഡോ. അമിത മഹേശ്വരി, ഓർഗനൈസിങ് ചെയർപേഴ്സൺമാരായ ഡോ. ചിത്രതാര കെ, ഡോ. രമ പി, ഓർഗാനൈസിങ് സെക്രട്ടറിമാരായ ഡോ. സനം പി, ഡോ. അനുപമ എസ് എന്നിവർ സംസാരിച്ചു.
രണ്ടുദിവസമായി നടക്കുന്ന സമ്മേളനത്തിൽ ഗൈനക്കോളജിക്കൽ ഓങ്കോളജിയിലെ പുരോഗതികൾ ചർച്ച ചെയ്യാൻ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.
റോബോട്ടിക് ശസ്ത്രക്രിയകൾ, പ്രിവൻ്റീവ് ഓങ്കോളജി, കോൾപോസ്കോപ്പി എന്നിവയിൽ നടക്കുന്ന പ്രത്യേക ശിൽപശാലകൾ സമ്മേളനത്തിന്റെ ഭാഗമാകും. സൈറ്റോറിഡക്റ്റീവ് സർജറി, ലിംഫ് നോഡ് ഡിസെക്ഷൻ, റിസ്ക് റിഡക്ഷൻ ഹിസ്റ്റെരെക്ടമി തുടങ്ങിയ ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സെഷനുകളും സമ്മേളനത്തിന്റെ ഭാഗമാണ്. ഡിസംബർ 8ആം തീയതി സമാപിക്കും.
അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ (AGOICON) 31-ാമത് വാർഷിക സമ്മേളനം കൊച്ചി ക്രൗൺ പ്ലാസയിൽ സർജൻ വൈസ് അഡ്മിറൽ ഡോ. അനുപം കപൂർ ഉദ്ഘാടനം ചെയ്യുന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള, എജിഒഐ പ്രസിഡന്റ് ഡോ. രൂപീന്ദർ സെഖോൺ, എജിഒഐ സെക്രട്ടറി ഡോ. ഭാഗ്യലക്ഷ്മി നായക്, മുൻ പ്രസിഡന്റ് ഡോ. അമിത മഹേശ്വരി, ഓർഗനൈസിങ് ചെയർപേഴ്സൺമാരായ ഡോ. ചിത്രതാര കെ, ഡോ. രമ പി, ഓർഗാനൈസിങ് സെക്രട്ടറിമാരായ ഡോ. സനം പി, ഡോ. അനുപമ എസ് എന്നിവർ സമീപം.