കൊച്ചി: മുനമ്പത്തെ സമരം നടക്കുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ദാനം കൊടുത്ത സമയത്ത് ആളുകള്‍ താമസിക്കുന്ന ഭൂമിയാണിത്. അങ്ങനെയുള്ള ഭൂമി വഖഫായി നല്‍കാനാവില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കൊച്ചി മറൈൻഡ്രൈവിൽ നടന്ന ധർണ്ണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം ഭൂമി സംബന്ധിച്ച കാര്യങ്ങള്‍ നിയമപരമായി വിശദമായി പരിശോധിച്ചിരുന്നു. വഖഫ് ഭൂമി എല്ലാക്കാലത്തും വഖഫ് ഭൂമിയായിരിക്കണം. നിബന്ധനകള്‍ വെച്ചുകൊണ്ട് വഖഫ് ആക്കാനാവില്ല. ദൈവത്തിന് നല്‍കുന്നതിന് നിബന്ധന വെക്കാനാവില്ല. പണം വാങ്ങി വിറ്റെന്ന് ഫറൂഖ് കോളേജും വ്യക്തമാക്കുന്നു. വഖഫ് ബോര്‍ഡാണ് ഈ ഭൂമി വഖഫാണെന്ന് അവകാശപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരാണ് ബോര്‍ഡിനെ നിയമിച്ചതെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ധർണ്ണ സംഘടിപ്പിച്ചത്. ബെന്നി ബഹനാൻ, ഹൈബി ഈഡൻ, പോൾ കറുകപ്പിള്ളിൽ തുടങ്ങിയവരും വി.ഡി.സതീശനൊപ്പം ഉണ്ടായിരുന്നു.