എച്ച്പിവി വാക്സിൻ ഒരു ഡോസ് കൊണ്ടുതന്നെ ക്യാൻസറിനെ ഫലപ്രദമായി തടയും: ഡോ. ആർ ശങ്കരനാരായണൻ.
കൊച്ചി: സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ തടയുന്നതിനായി വികസിപ്പിച്ചെടുത്ത എച്ച്പിവി വാക്സിൻ ഒരു ഡോസ് കൊണ്ടുതന്നെ ക്യാൻസറിനെ ഫലപ്രദമായി തടയാൻ സജ്ജമാണെന്ന് ക്യാൻസർ സ്ക്രീനിങ് ഗ്രൂപ്പ് മുൻ മേധാവിയും ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ സ്പെഷ്യൽ അഡ്വൈസറുമായ ഡോ. ആർ ശങ്കരനാരായണൻ പറഞ്ഞു. കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ (AGOICON) 31-ാമത് വാർഷിക സമ്മേളനത്തിലെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വയസ്സിന് മുകളിലുള്ള വിവാഹിതരായ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ വാക്സിൻ സ്വീകരിച്ച സ്ത്രീകളിൽ ഗർഭാശയ അർബുദം വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. സെർവിക്കൽ ക്യാൻസർ തടയാനുള്ള ഫലപ്രദമായ വാക്‌സിനേഷൻ ആണ് എച്ച്പിവി വാക്സിനേഷൻ. ഈ അണുബാധയോടൊപ്പം വജൈനൽ ക്യാൻസർ, വൽവാ ക്യാൻസർ, എനൽ ക്യാൻസർ, പിനൈൽ ക്യാൻസർ, ഓറൽ ആൻഡ് ഓറോഫാരിങ്കയൽ ക്യാൻസർ തുടങ്ങി എട്ടോളം ക്യാൻസറുകൾ എച്ച്പിവി വാക്സിനേഷൻ കൊണ്ട് തടയാനാകും.
രണ്ടുദിവസമായി നടക്കുന്ന സമ്മേളനത്തിൽ ഗൈനക്കോളജിക്കൽ ഓങ്കോളജിയിലെ പുരോഗതികൾ ചർച്ച ചെയ്യാൻ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.
റോബോട്ടിക് ശസ്ത്രക്രിയകൾ, പ്രിവൻ്റീവ് ഓങ്കോളജി, കോൾപോസ്കോപ്പി എന്നിവയിൽ നടക്കുന്ന പ്രത്യേക ശിൽപശാലകൾ സമ്മേളനത്തിന്റെ ഭാഗമാകും. സൈറ്റോറിഡക്റ്റീവ് സർജറി, ലിംഫ് നോഡ് ഡിസെക്ഷൻ, റിസ്‌ക് റിഡക്ഷൻ ഹിസ്റ്റെരെക്ടമി തുടങ്ങിയ ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സെഷനുകളും സമ്മേളനത്തിന്റെ ഭാഗമാണ്. ഡിസംബർ 8ആം തീയതി സമാപിക്കും.–